ഇങ്ങനെയും സംഭവിക്കും, അത്ഭുത പ്രകടനവുമായി ശ്രീലങ്ക
ലങ്കയുടെ എയ്ഞ്ചലോ മാത്യൂസും കുസാല്‍ മെന്‍ഡിസുമാണ് ഈ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നില്‍.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയുടെ അത്ഭുത പ്രകടനം. ലങ്കയുടെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസും കുസാല്‍ മെന്‍ഡിസുമാണ് ഈ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നില്‍. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരു ദിനം മുഴുവന്‍ ഇവര്‍ ബാറ്റ് ചെയ്തുവെന്നതാണ് പ്രത്യേകത. ഈ പ്രകടനത്തിന് മുന്നില്‍ തോല്‍വി മുന്നില്‍ കണ്ട ലങ്ക, ഇപ്പോള്‍ ആശ്വാസ തീരത്താണ്. വെല്ലിങ്ടണില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. 282 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും കളംവിട്ടു. ദിമുത് കരുണരത്‌നെ(79) എയ്ഞ്ചലോ മാത്യൂസ്(83) നിരോശന്‍ ദിക് വല്ലെ(80) എന്നിവരാണ് ബാറ്റിങില്‍ തിളങ്ങിയത്.
ആറുവിക്കറ്റ് വീഴ്ത്തി ടിം സൗത്തിയാണ് ലങ്കക്കാരെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടഞ്ഞത്. മറുപടി ബാറ്റിങില്‍ ടോം ലാഥമിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍(264) ന്യൂസിലാന്‍ഡ് നേടിയത് 578 എന്ന കൂറ്റന്‍ സ്‌കോര്‍. ഒപ്പം 319 റണ്‍സിന്റെ വലിയൊരു ലീഡും. തോല്‍വി ഉറപ്പിച്ച് ലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്നു. 13ന് മൂന്ന് എന്ന പ്രതീക്ഷിച്ച സ്‌കോറിലുമെത്തി. എന്നാല്‍ നാലാം വിക്കറ്റിലാണ് അത്ഭുത പ്രകടനം സംഭവിക്കുന്നത്. മാത്യൂസും മെന്‍ഡിസും ന്യൂസിലാന്‍ഡ് ബൗളര്‍മാരെ ക്ഷമാപൂര്‍വം പ്രതിരോധിച്ചു. തട്ടിയും മുട്ടിയും അവര്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 287 പന്തില്‍ നിന്ന് പന്ത്രണ്ട് ഫോറോടെ 116 റണ്‍സുമായി മെന്‍ഡിസും 293 പന്തില്‍ നിന്ന് 11 ഫോറോടെ 117 റണ്‍സുമായി മാത്യൂസുമാണ് ക്രീസില്‍. ഇതുവരെ 246 റണ്‍സിന്റെ കൂട്ടുകെട്ടായി. ന്യൂസിലാന്‍ഡ് നേടിയ ലീഡ് മറികടക്കാന്‍ ഇനി 37 റണ്‍സ് മതി.
നാളെയാണ് അവസാന ദിനം. സിക്‌സര്‍ കണ്ടെത്തിയില്ല എന്നതും ഇരുവരുടെയും ഇന്നിങ്‌സിലെ ഒരു പ്രത്യേകതയാണ്. മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ ലങ്കയുടെ മികച്ച കൂട്ടുകെട്ടുമാണിത്. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ദിനം വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്റ്റമ്പെടുക്കുന്നത്. 2008 ഫെബ്രുവരിയില്‍ സൗത്ത് ആഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിലാണ് ഇതിന് മുമ്പ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്കയുടെ മക്കന്‍സി-ഗ്രെയിം സ്മിത്ത് സഖ്യമാണ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരു ദിനം അവസാനിപ്പിച്ചത്. അതേസമയം ലങ്കന്‍ ക്രിക്കറ്റില്‍ ഇത് ആദ്യത്തേത് അല്ല.
2006ല്‍ സൗത്ത്ആഫ്രിക്കയ്‌ക്കെതിരെ മഹേള ജയവര്‍ദ്ധന- സംഗക്കാര സഖ്യം ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ മഹാന്മാരെല്ലാം കളിമതിയാക്കിയപ്പോള്‍ വിലാസമില്ലതെ പതറുന്ന ലങ്കന്‍ നിരയില്‍ നിന്ന് ഇങ്ങനെയൊരു പ്രകടനം അമ്പരപ്പിക്കുന്നത് തന്നെയാണ്. അതും ഒരു വിദേശ പിച്ചില്‍. ഇന്ത്യക്ക് വേണ്ടി ആസ്‌ട്രേലിയക്കെതിരെ 2001ല്‍ ലക്ഷ്മണനും രാഹുല്‍ ദ്രാവിഡും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.