521 റണ്‍, 1258 പന്ത്, 30 മണിക്കൂര്‍... പുജാരയെ ഓസീസ് ബൗളര്‍മാര്‍ നമിച്ചു
‘അയാള്‍ ദശലക്ഷം പന്തുകള്‍ നേരിട്ട പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്’. പുജാരയുടെ പ്രതിരോധമതിലിന് മുന്നില്‍ അത്രയേറെ വശംകെട്ടിരുന്നു ഓസീസ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും
ഇന്ത്യ ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് ഒറ്റവാക്കിലെഴുതാന്‍ പറഞ്ഞാല്‍ ചേതേശ്വര്‍ പുജാരയെന്നാണ് ഉത്തരം. പരമ്പരയിലിതുവരെ പുജാര നേരിട്ടത് 1258 പന്തുകള്‍ ക്രീസില്‍ ചിലവഴിച്ചത് ഒരു ദിവസവും ആറ് മണിക്കൂറും! നേടിയത് 521 റണ്ണുകള്‍.
നാലാം ടെസ്റ്റില്‍ ടിം പെയിന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ് ഓസീസിന് പുജാരയെന്താണെന്നതിന്റെ തെളിവ്. 'അയാള്‍ ദശലക്ഷം പന്തുകള്‍ നേരിട്ട പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്'. പുജാരയുടെ പ്രതിരോധമതിലിന് മുന്നില്‍ അത്രയേറെ വശംകെട്ടിരുന്നു ഓസീസ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും. ദിവസം മുഴുവനും ബാറ്റു ചെയ്തിട്ടും സെഞ്ചുറിയടിച്ചില്ലെങ്കില്‍ നിരാശ തോന്നില്ലേയെന്നാണ് സിഡ്‌നിയിലെ മാരത്തണ്‍ ഇന്നിംങ്‌സിനിടെ ആസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ പുജരായോട് ചോദിച്ചത്.
എതിര്‍ ടീം ബൗളര്‍മാരെ പ്രതിരോധിച്ച് വശംകെടുത്തുന്ന ദ്രാവിഡ് ശൈലി തന്നെയാണ് പുജാരയും പിന്തുടരുന്നത്. സിഡ്‌നിയില്‍ അര്‍ധ സെഞ്ചുറിയിലെത്താന്‍ പുജാര നേരിട്ടത് 134 പന്തുകളാണ്. അടുത്ത അമ്പത് റണ്‍സ് 65 റണ്‍സിനിടെ നേടി. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ പുജാര 130 റണ്‍സിലെത്തിയിരുന്നു. പിറ്റേന്നും പതിവുപോലെ പതിഞ്ഞ തുടക്കം 150ലെത്തിയത് ആകെ 282 പന്തുകള്‍ നേരിട്ടതിന് ശേഷം. ഒടുവില്‍ ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ വെച്ച് പുജാര പുറത്താകുമ്പോഴേക്കും ഓസീസ് ബൗളര്‍മാര്‍ 373 തവണ പന്തെറിഞ്ഞിരുന്നു. അതായത് 62 ഓവറും ഒരു പന്തും!
ഓസീസ് ബൗളര്‍മാരുടെ ഈ അവശതയാണ് പിന്നീടെത്തിയ പന്തും(189 പന്തില്‍ 159) ജഡേജയും(114 പന്തില്‍ 81) മുതലെടുത്തതും ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തിയതും. അത്രമേല്‍ ബാറ്റിംങിനെ ഇഷ്ടപ്പെടുന്നുവെന്നതാണ് പുജാരയുടെ പ്രത്യേകത. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അപ്പോഴും ടെസ്റ്റില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടമെന്നാണ് പുജാര ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.