വിമര്‍ശകരുടെ വായടപ്പിച്ച് ധോണി
2018ല്‍ ഒരൊറ്റ ഏകദിന അര്‍ധ സെഞ്ചുറിയും നേടാന്‍ കഴിയാതിരുന്ന ധോണി ഇക്കൊല്ലത്തെ ആദ്യ മൂന്ന് ഏകദിനത്തിലും അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു...
സംശയിക്കേണ്ട, ഈവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പു കൂടി ഫിനിഷ് ചെയ്തിട്ടേ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷര്‍ എം.എസ് ധോണി കളമൊഴിയൂ. കഴിഞ്ഞ കൊല്ലം 20 ഏകദിനങ്ങളില്‍ നിന്നും 275 റണ്‍ മാത്രം നേടാനായ ധോണി ഇക്കൊല്ലം മൂന്ന് ഏകദിനങ്ങളില്‍ നിന്നും 193 റണ്‍സാണ് വാരിക്കൂട്ടിയത്. അതും 193 റണ്‍സ് ശരാശരിയില്‍!
ബി.സി.സി.ഐയുടെ ഈ ട്വീറ്റ് തന്നെ ധോണിയുടെ ടീമിലെ സ്ഥാനം വിളിച്ചുപറയുന്നതാണ്.
2015 ലോകകപ്പിന് ശേഷം നടന്ന ഏകദിന മത്സരങ്ങളില്‍ ധോണി 20 പന്തുകളിലേറെ കളിച്ചിട്ടുള്ള 50 ശതമാനം മത്സരങ്ങളില്‍ മാത്രമേ ഇന്ത്യ ജയിച്ചിരുന്നുള്ളൂ. ഇനി 20 പന്തില്‍ കുറവാണ് ധോണി കളിച്ചിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം 73 ശതമാനമാണ്. ധോണി കുറവ് പന്ത് കളിച്ചാല്‍ ഇന്ത്യ ജയിക്കുമെന്ന അവസ്ഥ. ഏതൊരു ക്രിക്കറ്റ് താരത്തേയും ടീമിന്റെ അതിരില്‍ നിര്‍ത്തുന്ന ഈ കണക്ക് ദ ക്രിക്കറ്റ് പ്രൊഫസര്‍ ജനുവരി 15നാണ് ട്വീറ്റ് ചെയ്തത്.
മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കഴിഞ്ഞപ്പോള്‍ കണക്കുകളാകെ മാറി മറിഞ്ഞിരിക്കുന്നു. 2018ല്‍ ഒരൊറ്റ ഏകദിന അര്‍ധ സെഞ്ചുറിയും നേടാന്‍ കഴിയാതിരുന്ന ധോണി ഇക്കൊല്ലത്തെ ആദ്യ മൂന്ന് ഏകദിനത്തിലും അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. മൂന്ന് കളികളില്‍ നിന്നും 193 റണ്‍സെടുത്ത ധോണി തന്നെയാണ് ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരവും.
51, 55*, 87* എന്നിങ്ങനെയാണ് ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ സ്‌കോറുകള്‍. ഇതില്‍ ധോണി പുറത്തായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കുകയും പുറത്താകാതെ നിന്ന മറ്റു രണ്ട് ഏകദിനങ്ങളിലും ജയിക്കുകയും ചെയ്തു. ഇതോടെ പകരം വെക്കാനില്ലാത്ത വിശ്വസ്തനായ ഫിനിഷറുടെ റോളിലേക്ക് ധോണി തിരിച്ചെത്തിയിരിക്കുകയാണ്.
വിക്കറ്റ് കീപ്പര്‍ + ബാറ്റ്‌സ്മാന്‍ + സമ്മര്‍ദസമയത്തെ ഫിനിഷര്‍ + മത്സരത്തിനിടെ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ പരിചയസമ്പത്തുള്ളയാള്‍ എന്നിങ്ങനെ പല ഗുണമുള്ള പാക്കേജാണ് ഇന്ത്യന്‍ ടീമിന് മഹേന്ദ്ര സിംങ് ധോണി. നേരത്തെ ഫിനിഷര്‍ എന്നൊരൊറ്റ ലേബലില്‍ തന്നെ ടീമില്‍ ഇടം നേടാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബാറ്റിംങിലെ പാളിച്ചകള്‍ നാള്‍ക്കുനാള്‍ കൂടിയപ്പോഴായിരുന്നു ധോണിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
ധോണിയുടെ ഫോമില്ലായ്മക്കൊപ്പം വെടിക്കെട്ട് ബാറ്റിംങോടെ പന്ത് കളം നിറഞ്ഞതും മാറ്റത്തിനായുള്ള മുറവിളികളുടെ ശക്തികൂട്ടിയിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് മഹേന്ദ്രസിംങ് ധോണി.