മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ നിര്‍ദേശം

പിഎസ്‍സി നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ വേണ്ടെന്നും ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി സംബന്ധിച്ച നിർദേശങ്ങള്‍ മാത്രം സമർപ്പിച്ചാല്‍ മതിയെന്നും അധികൃതർ.

Update: 2021-02-12 03:37 GMT

സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് നിർദേശം. ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി സംബന്ധിച്ച് നിർദേശങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്നും നിർദേശങ്ങള്‍ എഴുതി നല്‍കണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികള്‍ക്ക് നിർദേശം ലഭിച്ചു. പി എസ് സി നിയമനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വാട്ട്സ് അപ് ഗ്രൂപ്പില്‍ വന്ന അധ്യാപികയുടെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടക്കുന്ന സി എം അറ്റ് കാമ്പസ് പരിപാടിയില്‍ പങ്കെടുക്കുന്നർക്കായി രൂപീകരിച്ച വാട്ട്സ് അപ് ഗ്രൂപ്പിലാണ് അധ്യാപികയുടെ ശബ്ദ സന്ദേശം വന്നത്. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചർച്ച നടക്കുന്നിതിനിടെയാണ് യൂനിവേഴ്സിറ്റി അധികൃതരില്‍ നിന്ന് ലഭിച്ച നിർദേശം വാട്ട്സ് അപ് ഗ്രൂപ്പില്‍ വന്നത്.

Advertising
Advertising

പി എസ് സി റാങ്ക് ഹോള്‍ഡർമാരുടെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ എം ജി യൂനിവേഴ്സിറ്റി സംവാദത്തില്‍ ഇത് സംബന്ധിച്ച ചോദ്യമുയർന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കിയതും വിവാദമായിരുന്നു.

ചോദ്യങ്ങള്‍ ഒഴിവാക്കുന്ന രീതിക്കെതിരെ വിദ്യാർഥി സംഘടനകള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ വിദ്യാർഥികളോട് ചോദ്യങ്ങൾ വേണ്ടെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികളാണ് സി എം അറ്റ് കാമ്പസ് പരിപാടിയില്‍ പങ്കെടുക്കുക. ഇതില്‍ 15 പേർക്കാണ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം. വിമർശനാത്മകമായ ചോദ്യങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ യാണ് സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ ചോദ്യങ്ങള്‍തന്നെ ഒഴിവാക്കിയതെന്ന വിമർശമാണ് ഇപ്പോള്‍ ഉയരുന്നത്.

Full View
Tags:    

Similar News