ഇന്ത്യൻ വിദ്യാർഥികൾക്ക് 28.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി ആസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി
എഞ്ചിനീയറിംഗ്, ബാങ്കിംഗ്, സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഡിക്കൽ തുടങ്ങി വിവിധ പ്രോഗ്രാമുകൾക്ക് സ്കോളർഷിപ്പ് ബാധകമാണ്
Photo| Special Arrangement
ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് 28.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആസ്‌ട്രേലിയയിലെ മക്വാരി സർവകലാശാല. ഇന്ത്യയുടെ ഏർലി ആക്‌സപ്റ്റൻസ് സ്‌കോളർഷിപ്പിലൂടെ പ്രതിവർഷം 5.7 ലക്ഷം രൂപ (10,000 ആസ്‌ട്രേലിയൻ ഡോളർ) സാമ്പത്തിക സഹായമാണ് യൂണിവേഴ്‌സിറ്റി നൽകുക. കൂടാതെ, വൈസ് ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പിന് കീഴിൽ 5.7 ലക്ഷം രൂപയുടെ ഗ്രാന്റും ലഭിക്കും. നാല് വർഷത്തെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമിനുള്ള രണ്ട് സ്‌കോളർഷിപ്പുകളും കണക്കിലെടുക്കുമ്പോൾ ആകെ ഗ്രാന്റ് തുക 28.5 ലക്ഷം രൂപയാണ്. പ്രോഗ്രാം കാലയളവിലുടനീളം പ്രതിവർഷ സ്‌കോളർഷിപ്പ് സാധുവായി തുടരും. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്.
ഇന്ത്യയുടെ ഏർലി അക്‌സെപ്‌റ്റൻസ് സ്‌കോളർഷിപ്പ് ആദ്യ വർഷത്തിലെ രണ്ടാം സെമസ്റ്ററിൽ 5.7 ലക്ഷം രൂപ (10,000 ആസ്‌ട്രേലിയൻ ഡോളർ) യാണ്. പ്രോഗ്രാം കാലാവധി പൂർത്തിയാകുന്നതുവരെ ഓരോ സെമസ്റ്ററിനും ഏകദേശം 2.8 ലക്ഷം രൂപ വീതവും നൽകുന്നു.
ഈ സ്കോളർഷിപ്പുകൾക്ക് പുറമേ, ഇന്ത്യൻ അപേക്ഷകർക്ക് ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് സസ്റ്റൈനബിലിറ്റി സ്കോളർഷിപ്പ് (5,000 ഓസ്‌ട്രേലിയൻ ഡോളർ), ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫസ്റ്റ് ഓസ്‌ട്രേലിയ സ്‌കോളർഷിപ്പ് (പ്രതിവർഷം 5,000 ആസ്‌ട്രേലിയൻ ഡോളർ) തുടങ്ങിയ മറ്റ് സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാം.
ബാങ്കിംഗ് & ഫിനാൻസ്, ഡാറ്റ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ബിസിനസ് അനലിറ്റിക്‌സ്, മാനേജ്‌മെന്റ്, മെഡിസിൻ, ആർട്‌സ്, മീഡിയ, കമ്മ്യൂണിക്കേഷൻസ് എന്നിവ ഉൾപ്പെടുന്നതാണ് മക്വാരി സർവകലാശാല നൽകുന്ന കോഴ്സുകൾ.
ഇന്ത്യയുടെ ഏർലി അക്സെപ്റ്റൻസ് സ്കോളർഷിപ്പിനായുള്ള യോഗ്യതകളിൽ ഒന്നാമത്തേത് അപേക്ഷകർ ഇന്ത്യൻ പൗരൻ ആയിരിക്കണമെന്നാണ്. ഓഫർ ലെറ്റർ സ്വീകരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കുകയും വേണം. സർക്കാർ സ്കോളർഷിപ്പ് സ്വീകരിക്കുന്നയാളോ, മുഴുവൻ ട്യൂഷൻ ഫീസും ഉൾക്കൊള്ളുന്ന മറ്റ് സ്കോളർഷിപ്പുകൾ സ്വീകരിച്ചയാളോ ആവരുത്.വിദ്യാർത്ഥികൾ മുഴുവൻ കോഴ്‌സ് കാലയളവിലും എൻറോൾ ചെയ്തിരിക്കണമെന്നും പറയുന്നു.
അപേക്ഷിക്കാൻ
വിദ്യാർഥികൾ മക്വാരി സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സ്‌കോളർഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഏത് സമയത്തും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.- https://www.mq.edu.au/study/admissions-and-entry/scholarships/international