ഭീകരവാദ ചാപ്പയ്ക്കും സംഘ്പരിവാർ വേട്ടയ്ക്കുമിടയിൽ മികവിന്‍റെ മറുപേരായി ജാമിഅ മില്ലിയ്യ; ദേശീയ റാങ്കിങ്ങിൽ കുതിപ്പ് തുടരുന്നു

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിങ് ഫ്രേംവർക്കിൽ തുടർച്ചയായി രണ്ടാം വർഷവും മൂന്നാം സ്ഥാനത്താണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ

Update: 2023-06-06 09:28 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ഭീകരവാദപട്ടം ചുമത്തി സംഘ്പരിവാർ വേട്ട തുടരുമ്പോഴും അക്കാദമിക മികവിൽ കുതിപ്പ് തുടർന്ന് ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കേന്ദ്ര സർവകലാശാല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിങ് ഫ്രേംവർക്കിൽ(എൻ.ഐ.ആർ.എഫ്) മൂന്നാം സ്ഥാനത്താണ് ജാമിഅ. തുടർച്ചയായി രണ്ടാം തവണയാണ് സർവകലാശാല ഈ സ്ഥാനം നിലനിർത്തുന്നത്.

ഇന്നലെയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് 2023ലെ എൻ.ഐ.ആർ.എഫ് പട്ടിക പുറത്തിറക്കിയത്. ഇതിൽ സർവകലാശാലാ വിഭാഗത്തിലാണ് ജാമിഅ മൂന്നാം സ്ഥാനം നിലനിർത്തിയത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(ഐ.ഐ.എസ്‌സി) ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല രണ്ടാം സ്ഥാനവും സ്വന്തമാക്കി.

Advertising
Advertising

2016ൽ 83-ാം സ്ഥാനത്തായിരുന്നു ജാമിഅയുടെ സ്ഥാനം. ഇവിടെനിന്നാണ് സർവകലാശാലയുടെ വൻകുതിപ്പ്. 2021ൽ ആറാം സ്ഥാനത്തെത്തി. തൊട്ടടുത്ത വർഷം ബനാറസ് ഹിന്ദു സർവകലാശാലയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇത്തവണയും ഇതേ സ്ഥാനം നിലനിർത്തി അക്കാദമിക മികവ് തെളിയിച്ചിരിക്കുകയാണ് ജാമിഅ.

ജാദവ്പൂർ സർവകലാശാല, കൊൽക്കത്ത(നാല്), ബനാറസ് ഹിന്ദു സർവകലാശാല, വരാണസി(അഞ്ച്), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ(ആറ്), അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ(ഏഴ്), വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെല്ലൂർ(എട്ട്), അലിഗഢ് മുസ്‌ലിം സർവകലാശാല, അലിഗഢ്(ഒൻപത്), ഹൈദരാബാദ് കേന്ദ്ര സർവകലാശാല, ഹൈദരാബാദ്(പത്ത്) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ.

കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ് കോളജാണ് ഒന്നാമതുള്ളത്. ഡൽഹി ഹിന്ദു കോളജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളജ് മൂന്നും സ്ഥാനങ്ങളിലെത്തി. കേരളത്തിൽ കേരള സർവകലാശാലയാണ് എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മുന്നിലുള്ളത്. കഴിഞ്ഞ തവണ 40-ാം സ്ഥാനത്തുണ്ടായിരുന്ന കേരള ഇത്തവണ 24-ാം റാങ്കിലേക്കാണ് കുതിപ്പുണ്ടാക്കിയത്. എം.ജി സർവകലാശാല 31ഉം കുസാറ്റ് 37ഉം കാലിക്കറ്റ് 70ഉം സ്ഥാനങ്ങളിലുണ്ട്.

Summary: Jamia Millia Islamia retains third place among universities in NIRF rankings 2023 amidst terrorist blames and Sangh Parivar witch-hunt

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News