നേവിയിൽ സൗജന്യമായി പഠിച്ച് എൻജിനീയറാവാം
ഓൺലൈൻ അപേക്ഷ ജനുവരി 3 മുതൽ 19 വരെ സമർപ്പിക്കാം
കോഴിക്കോട്: ഏഴിമല നാവിക അക്കാദമിയിൽ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് സ്ട്രീമിൽ പഠിച്ച് എൻജിനീയറാവാൻ അവസരം. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ബിടെക് ബിരുദമാണ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവർക്ക് നേവൽ ഓഫീസറായി ഉടൻ നിയമനം ലഭിക്കും. 2026 ജൂലൈയിൽ ആരംഭിക്കുന്ന ഈ കോഴ്സിൽ ആകെ 44 സീറ്റ്. ഇവ എക്സിക്യുട്ടീവ് / ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ ക്രെഡിറ്റും ഏതു ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും.
അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്കു പരമാവധി 7 സീറ്റു വരെ നൽകും. ജനനം 2007 ജനുവരി രണ്ടിനു മുൻപോ 2009 ജൂലൈ ഒന്നു കഴിഞ്ഞോ ആകരുത്. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% എങ്കിലും മാർക്കോടെ പ്ലസ് ടു വേണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും. നല്ല കാഴ്‌ചശക്‌തി, മികച്ച ആരോഗ്യം എന്നിവ നിർബന്ധം. .
പ്രാഥമിക സിലക്‌ഷൻ 2025 ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ (ഒന്നാം പേപ്പർ) കോമൺ റാങ്ക് ലിസ്റ്റ് (CRL) പരിഗണിച്ചു മാത്രം. കട്ട് ഓഫ് മാർക്കു തീരുമാനിച്ച്, മികവുള്ളവരെ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും. മാർച്ച് മുതലായിരിക്കും ഇന്റർവ്യൂ ബംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുക. ഇതു സമഗ്ര വ്യക്‌തിത്വപരിശോധനയാണ്. പഠനത്തിനു ഫീസ് നൽകേണ്ട. പുസ്‌തകങ്ങൾ, താമസം, ഭക്ഷണം, ചികിത്സ മുതലായവയെല്ലാം സൗജന്യം. കോഴ്‌സ് പൂർത്തിയാക്കുന്നവരെ സ്ഥിരം കമ്മിഷൻഡ് ഓഫിസറായി നിയമിക്കും. ഓൺലൈൻ അപേക്ഷ ജനുവരി 3 മുതൽ 19 വരെ സമർപ്പിക്കാം. കൂടുതൽ www.joinindiannavy.gov.in