തെലുഗു നൃത്ത സംവിധായകന്‍ രാകേഷ് മാസ്റ്റര്‍ അന്തരിച്ചു
പ്രമേഹം അടക്കം നിരവധി അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു
രാകേഷ് മാസ്റ്റര്‍
ഹൈദരാബാദ്: പ്രശസ്ത തെലുഗു നൃത്ത സംവിധായകന്‍ രാകേഷ് മാസ്റ്റര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ജൂണ്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹം അടക്കം നിരവധി അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വിശാഖപട്ടണത്ത് സിനിമാ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രയില്‍ എത്തിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരോഗ്യനില വഷളാകുകയും ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് രാകേഷ് മാസ്റ്റര്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് തെലുഗു സിനിമയിലെത്തി. തെലുഗു സിനിമയില്‍ 15000 ഓളം പാട്ടുകള്‍ക്ക് രാകേഷ് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം തെലുഗു സിനിമാ മേഖലയില്‍ വലിയ ആഘാതമുണ്ടാക്കി. രാകേഷ് മാസ്റ്ററിന്റെ മരണ വാര്‍ത്ത അറിഞ്ഞു നിരവധി ആരാധകര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.