'അക്രമിക്ക് രക്ഷപെടാനുള്ള സമയം നൽകുന്നതാണ് കാത്തുനിർത്തൽ'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി എടുക്കാത്തതിൽ ഡബ്ള്യൂസിസി
ചലച്ചിത്ര അക്കാദമി നിയമാനുസൃതമായ നടപടിയെടുത്തത് എന്തുകൊണ്ട് സർക്കാർ കാണുന്നില്ല
തിരുവനന്തപുരം: സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി എടുക്കാത്തതിൽ വിമൻ ഇൻ സിനിമ കലക്ടീവ്. സംവിധായകനും രാഷ്ട്രീയമായി സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപെടാനുള്ള സമയം നൽകുന്നതാണ് കാത്തുനിർത്തൽ. സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും ഡബ്ള്യൂസിസി ചൂണ്ടിക്കാട്ടി.
ചലച്ചിത്ര അക്കാദമി നിയമാനുസൃതമായ നടപടിയെടുത്തത് എന്തുകൊണ്ട് സർക്കാർ കാണുന്നില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഡബ്ള്യൂസിസിയുടെ കുറിപ്പ്
ലോകസിനിമാ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച ഐഎഫ്എഫ്കെ. മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കേവർക്കുമുണ്ട്.
എന്നാൽ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സിലക്ഷൺ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. WCC ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.
ചലച്ചിത്ര അക്കാദമി IFFK വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉച്ചിത്തമായ നിലപാടാണ്. പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്.
അതിക്രമം നടത്തിയ തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ. അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സർക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ്കെ. 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു സി.സി. സർക്കാറിനോട് ആവശ്യപ്പെടുന്നു.