സിനിമക്ക് 300 കോടി കലക്ഷൻ ലഭിച്ചാൽ സംവിധായകന് എത്ര കിട്ടും?
ആദ്യത്തെ സിനിമ 200 കോടി കലക്ട് ചെയ്തു അപ്പോൾ അടുത്ത സിനിമ കലക്ഷനിൽ മോശമാകരുത് എന്നതൊന്നും സമ്മര്‍ദമുണ്ടാക്കാറില്ലെന്ന് സംവിധായകൻ തരുൺ മൂര്‍ത്തി പറഞ്ഞു
കൊച്ചി: സിനിമകൾ ഹിറ്റാകുമ്പോൾ സംവിധായകന് നിര്‍മാതാവും ചിത്രത്തിലെ നായകനുമൊക്കെ ആഡംബര കാറുകളും വാച്ചുകളും മറ്റ് വില കൂടിയ സമ്മാനങ്ങളൊക്കെ കൊടുക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. സിനിമ 50 കോടിയും 100 കോടിയുമൊക്കെ നേടി കോടി ക്ലബുകളിലെത്തുമ്പോൾ അതൊരുക്കിയ സംവിധായകന് എത്ര കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കോടി ക്ലബ് ഒരു ടാര്‍ഗറ്റാണോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വര്‍ഷം തിയറ്ററുകൾ ഹൗസ്ഫുള്ളാക്കിയ ഒരു കൂട്ടം ചിത്രങ്ങളുടെ സംവിധായകര്‍ പറയുന്നത്. ക്ലബ് എഫ് എമ്മിന്‍റെ ' Mollywood Directors Round Table 2025' എന്ന ചാറ്റ് ഷോയിലാണ് സംവിധായകര്‍ ഒത്തുകൂടിയത്.
ആദ്യത്തെ സിനിമ 200 കോടി കലക്ട് ചെയ്തു അപ്പോൾ അടുത്ത സിനിമ കലക്ഷനിൽ മോശമാകരുത് എന്നതൊന്നും സമ്മര്‍ദമുണ്ടാക്കാറില്ലെന്ന് സംവിധായകൻ തരുൺ മൂര്‍ത്തി പറഞ്ഞു. ആ സിനിമ ചെയ്യുമ്പോൾ നമ്മളാ പ്രോസസ് ആസ്വദിക്കുന്നുണ്ടോ അതിന്‍റെ റിസൽറ്റിലും ഔട്ടിലുമൊക്കെ നമ്മൾ ഹാപ്പിയാകുന്നുണ്ടോ എന്ന കാര്യം മാത്രമേ നോക്കാറുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടി ക്ലബ് എന്ന ടാര്‍ഗറ്റ് ഇല്ലാതെയാണ് തുടരും ചെയ്തതെന്നും തരുൺ പറഞ്ഞു.
തിയറ്ററിലിരുന്ന് ആൾക്കൂട്ടത്തിനിടയിൽ സിനിമ കാണുന്നതിന്‍റെ ഫീൽ ഒരിക്കലും ഒടിടിയിൽ കിട്ടില്ലെന്ന് പൊൻമാൻ സംവിധായകൻ ജ്യോതിഷ് ശങ്കര്‍ പറഞ്ഞു. ഒടിടിയിൽ വിൽക്കാൻ പറ്റുമോ എന്ന് കരുതിയല്ല സിനിമയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമ 300 കോടി കലക്ട് ചെയ്താൽ സംവിധായകന് എന്തു കിട്ടുമെന്ന ചോദ്യത്തിന് നേരത്തെ പറഞ്ഞ ശമ്പളം കിട്ടുമെന്നും ബാക്കിയെല്ലാം നിര്‍മാതാവിന്‍റെ താൽപര്യം പോലെയായിരിക്കുമെന്നായിരുന്നു ലോക സംവിധായകൻ ഡൊമിനിക് അരുണിന്‍റെ മറുപടി.