രജനീകാന്ത് - പാ രഞ്ജിത് ടീം വീണ്ടും; തലൈവരുടെ ചിത്രീകരണം ഈ മാസം തുടങ്ങും

Update: 2018-04-23 18:09 GMT
Editor : Sithara
രജനീകാന്ത് - പാ രഞ്ജിത് ടീം വീണ്ടും; തലൈവരുടെ ചിത്രീകരണം ഈ മാസം തുടങ്ങും

തലൈവര്‍ 161 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡോണിന്‍റെ വേഷത്തിലാണ് സ്റ്റൈല്‍ മന്നന്‍ എത്തുക.

കബാലിക്ക് ശേഷം രജനീകാന്ത് - പാ രഞ്ജിത് ടീം ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 28ന് ആരംഭിക്കും. തലൈവര്‍ 161 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡോണിന്‍റെ വേഷത്തിലാണ് സ്റ്റൈല്‍ മന്നന്‍ എത്തുക.

രജനീകാന്ത് - ശങ്കര്‍ കൂട്ടുകെട്ടില്‍ യന്തിരന്‍റെ രണ്ടാം ഭാഗം 2.0 ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സൂപ്പര്‍ സ്റ്റാറിന്‍റെ ആരാധകര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം 2018 ജനുവരി 25ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനിടെയാണ് പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കിലേക്ക് സ്റ്റൈല്‍ മന്നന്‍ കടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Advertising
Advertising

ആറ് വര്‍‌ഷത്തിന് ശേഷം രജനീകാന്തിന് ഗംഭീര വിജയം നേടിക്കൊടുത്ത ചിത്രമാണ് കബാലി. കബാലിയുടെ സംവിധായകന്‍ പാ രഞ്ജിതും രജനീകാന്തും ഒരുമിക്കുന്ന തലൈവര്‍ 161 ന്‍റെ ചിത്രീകരണമാണ് ഈ മാസം 28ന് തുടങ്ങുന്നത്. മുംബൈയിലെ ധാരാവി ചേരിയിലുള്ള രംഗങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ ചിത്രീകരിക്കുക. ഇതിനായി ധാരാവിയുടെ കൂറ്റന്‍ സെറ്റിന്‍റെ നിര്‍മാണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

കബാലിയിലേതിന് സമാനമായ ഗെറ്റിപ്പിലാകും തലൈവര്‍ 161ലും രജനീകാന്ത് എത്തുക. ചിത്രത്തില്‍ ഡബിള്‍ റോളിലാകും രജനി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഹാജി മസ്താനെ ആണ് രജനി അവതരിപ്പിക്കുക എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും സംവിധായകന്‍ പാ രഞ്ജിത് അത് നിഷേധിച്ചിരുന്നു. ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കബാലിയിലെ നെരുപ്പ് ഡാ ഗാനം ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാകും ഈ ചിത്രത്തിനും സംഗീതം നിര്‍വഹിക്കുക.

അട്ടകത്തി, മദ്രാസ്, കബാലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത് - സന്തോഷ് നാരായണന്‍ ടീം ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് തലൈവര്‍ 161. ചിത്രീകരണം ഈ വര്‍ഷം പൂര്‍ത്തിയായാല്‍ സൂപ്പര്‍സ്റ്റാറിന്‍റെ രണ്ട് ചിത്രങ്ങളാകും അടുത്ത വര്‍ഷം പുറത്തിറങ്ങുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News