എന്റെ കരുത്തിന്റെ നെടുംതൂണുകളാണ് ആരാധകര്‍; വികാരനിര്‍ഭരനായി ധനുഷ്

Update: 2018-05-24 15:33 GMT
എന്റെ കരുത്തിന്റെ നെടുംതൂണുകളാണ് ആരാധകര്‍; വികാരനിര്‍ഭരനായി ധനുഷ്

എപ്പോഴും എന്റെ കൂടെ നിന്നതിന് എല്ലാവര്‍ക്കും നന്ദി

ധനുഷ്...ഒരു നായകന് ചേര്‍ന്ന രൂപഭംഗിയൊന്നുമില്ലാതിരുന്നിട്ടും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ താരം. ടൈപ്പ് വേഷങ്ങള്‍ ചെയ്യുമ്പോഴും രാഞ്ചന, ആടുകളം പോലുള്ള ചിത്രങ്ങളിലൂടെ ധനുഷ് പ്രേക്ഷകരെ അതിശയപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഹിറ്റ് ചിത്രമായ വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. സൗന്ദര്യ രജനീകാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അമലാ പോള്‍ ആണ് ധനുഷിന്റെ നായികയായെയത്തുന്നത്. ബോളിവുഡിന്റെ പ്രിയതാരം കാജോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി വിഐപി 2വിനുണ്ട്. ജൂലൈ 28 നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

Advertising
Advertising

ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരോട് എന്താണ് പറയാനുളളതെന്ന ചോദ്യത്തിന് ധനുഷ് നല്‍കിയ മറുപടി ആരെയും വികാരനിര്‍ഭരരാക്കും.

‘എന്റെ കരുത്തിന്റെ നെടുംതൂണുകളാണ് ആരാധകര്‍. എന്റെ വിഷമ ഘട്ടത്തിലും എനിക്ക് പിന്തുണ വേണ്ട സമയത്തും എനിക്ക് കരുത്ത് വേണ്ട സമയത്തും എന്റെ കൂടെ അവര്‍ ഉണ്ടായിരുന്നു. ഞാന്‍ വീഴാന്‍ പോകുമ്പോള്‍ തോളായും എണീക്കുമ്പോള്‍ തൂണായും എന്റെ കൂടെയുണ്ടായിരുന്നു. ഇതിന് നന്ദി പറഞ്ഞാല്‍ മാത്രം പോര. അവര്‍ക്കായി നല്ലവണ്ണം അധ്വാനിച്ച് നല്ലൊരു സിനിമ നല്‍കണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ എന്നില്‍ അഭിമാനം കൊളളുന്ന വിധത്തില്‍ സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. നടക്കുമെന്ന് കരുതുന്നു. എപ്പോഴും എന്റെ കൂടെ നിന്നതിന് എല്ലാവര്‍ക്കും നന്ദി”.

Full View

സംവിധായകനായ കസ്തൂരിരാജയുടെ ഇളയമകനാണ് വെങ്കിടേഷ് പ്രഭു എന്ന ധനുഷ്. പിതാവ് തന്നെ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം വന്‍വിജയമായതിനെ തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ധനുഷിനെ തേടിയെത്തി. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്.

Tags:    

Similar News