തിരക്കിനിടയില്‍ തന്നെ തള്ളിയ ആരാധകനെ തല്ലി ബാലകൃഷ്ണ
തെലുങ്ക്ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ബാലകൃഷ്ണ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ പ്രചാരണത്തിനെത്തിയതായിരുന്നു
വിവാദങ്ങളുടെ തോഴനായ തെലുങ്ക്താരം നന്ദമൂരി ബാലകൃഷ്ണ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇത്തവണയും ആരാധകന്‍ തന്നെയാണ് ഇര. തിരക്കിനിടയില്‍ തള്ളിയ ആരാധകനെ തല്ലിയതാണ് വിവാദമായത്. ബാലകൃഷ്ണ ആരാധകനെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
തെലുങ്ക്ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ബാലകൃഷ്ണ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ പ്രചാരണത്തിനെത്തിയതായിരുന്നു. ആള്‍ക്കുട്ടത്തിനിടയില്‍ ബാലകൃഷ്ണ നടന്നു നീങ്ങുമ്പോള്‍ തിരക്കിനിടയില്‍ ഒരു ആരാധകന്‍ അദ്ദേഹത്തെ അറിയാതെ തള്ളി. ഇതാണ് താരത്തെ ക്ഷുഭിതനാക്കിയത്. ഒട്ടും മടിക്കാതെ ആരാധകനെ കൈ നീട്ടി അടിക്കുകയായിരുന്നു ബാലകൃഷ്ണ.
ബാലയ്യ ഇതിന് മുന്‍പും ആരാധകരെ തല്ലിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നടന്ന ചടങ്ങില്‍ ആരാധകനെ മര്‍ദ്ദിച്ചതും വിവാദത്തിന് കാരണമായിരുന്നു. ഈയിടെ ലൊക്കേഷനില്‍ വച്ച് അസിസ്റ്റന്റിനെയും ബാലകൃഷ്ണ മര്‍ദ്ദിച്ചിരുന്നു.