'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതു പോലെ'... രാമലീലയുടെ പുതിയ ടീസറെത്തി
പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമ നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്.
ദിലീപ് നായകനാകുന്ന പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമ നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്.
ലയണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. പ്രദര്‍ശനത്തിനൊരുങ്ങിയ ചിത്രം, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. പുതിയ ടീസറിലെ 'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതു പോലെ' എന്ന ദിലീപിന്റെ സംഭാഷണവും അറസ്റ്റുമായി കൂട്ടിവായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ചിത്രത്തിന്റെ ടീസറും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.
പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. സിനിമയില്‍ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത്. സലിം കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. ബികെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.