റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്

Update: 2018-05-29 17:40 GMT
റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്
Advertising

നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്

തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കി ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഒരുക്കുന്ന ദി സൗണ്ട് സ്റ്റോറി എന്ന ചലച്ചിത്രം പൂർത്തിയായി. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ഓഡിയോ പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു. നാലര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററിയും റസൂൽ പൂക്കുട്ടി തയ്യാറാക്കുന്നുണ്ട്.

പൂരങ്ങളുടെ പൂരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദി സൗണ്ട് സ്റ്റോറി . കാഴ്ചക്കപ്പുറത്തെ കേൾവിയുടെ പൂരമായി. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണമൊരുക്കി, നായകനാകുന്ന ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. കഴിഞ്ഞ തൃശൂർ പൂരം തത്സമയം റെക്കോർഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത് . റസൂൽ പൂക്കുട്ടിയുടെ ആശയത്തിൽ നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജ് സംഗീതം നൽകിയ ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടൻ മമ്മൂട്ടി നിർവ്വഹിച്ചു.

അന്ധനായ ഒരാളുടെ തൃശൂർ പൂര അനുഭവമാണ് ചിത്രം. പൂരത്തിന്റെ എല്ലാ ശബ്ദങ്ങളും റസൂൽ പൂക്കുട്ടി ഒപ്പിയെടുത്തിട്ടുണ്ട്. രാജീവ് പനക്കൽ നിർമിക്കുന്ന ചിത്രം ഏപ്രിലോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഒരു കഥ സൊല്ലട്ടുമാ എന്ന പേരിട്ട തമിഴ് പതിപ്പിന്റെ ഓഡിയോ പ്രകാശനം നേരത്തെ എ ആർ റഹ്മാൻ നിർവഹിച്ചിരുന്നു.

Tags:    

Similar News