വിനീതിനോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്
സൈബര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയായ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്‍.
മോഹന്‍ലാലിനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചതിന്റെ പേരില്‍ ആരാധകരുടെ സൈബര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയായ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്‍. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മലി’ല്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന കുറിപ്പോടെയായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ലാലേട്ടനെ അങ്കിള്‍ എന്ന് വിളിച്ചത് ചില ആരാധകര്‍ക്ക് പരിഹാസമായാണ് മനസിലായത്. ഇതോടെ ഇക്കൂട്ടര്‍ വിനീതിനെ ഫേസ്‍ബുക്കില്‍ അധിക്ഷേപിച്ചു രംഗത്തെത്തി. സംഭവം കൈവിട്ടുപോയതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് മാപ്പപേക്ഷയുമായി രംഗത്തുവന്നത്.
ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്‍ബുക്ക് പേജിലൂടെയായിരുന്നു ഖേദപ്രകടനം. ''വിനീത് ശ്രീനിവാസൻ എന്ന നമ്മുക്ക് ഏവർക്കും പ്രിയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിനെ അധിക്ഷേപിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന ചില മോഹൻലാൽ ആരാധകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടു.'' ഇങ്ങനെ തുടങ്ങുന്ന എഫ്‍ബി പോസ്റ്റിലാണ് വിനീതിനോട് മാപ്പ് പറയുന്നത്. ''വിനീതിന് നമ്മുടെ ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതൽ ലാൽ അങ്കിൾ എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു ശീലിച്ചിട്ടുള്ളത്. അതുപോലും മനസ്സിലാക്കാൻ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹൻലാൽ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവർത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കിൽ അതിനു ഞങ്ങൾ മാപ്പു ചോദിക്കുന്നു.'' ഇങ്ങനെ കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.