'എക്കാലവും മനസില്‍ സൂക്ഷിക്കാവുന്ന ചിത്രം' പൂമരത്തെ പ്രശംസിച്ച് ഹരിഹരൻ
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിനെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ ഹരിഹരൻ.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിനെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ ഹരിഹരൻ. എക്കാലത്തും മനസില്‍ സൂക്ഷിക്കാവുന്ന ചിത്രമാണ് പൂമരം എന്നായിരുന്നു ഹരിഹരന്റെ പ്രതികരണം.
എല്ലാം കോണിൽനിന്നും പൂമരത്തിന് അംഗീകാരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരുമെല്ലാം ഒരുപോലെ ഈ ചിത്രത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ഏറ്റൊവും ഒടുവിൽ പൂമരത്തെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഹരിഹരൻ ആണ്. എക്കാലത്തും മനസ്സിൽ സൂക്ഷിക്കാനും ഓമനിക്കാനും ഉള്ള ചിത്രമാണ് പൂമരം എന്ന് ഹരിഹരൻ അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ച കുറിപ്പിൽ പറയുന്നു.
കോളേജ് ക്യാമ്പസിന്റെ കഥ പറയുന്ന ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭൂതിയാണ് പൂമരം തന്നത്. കോളേജ് കഥകളിലെ വിരസമായ പതിവ് വിഭവങ്ങൾ ഒന്നും തന്നെയില്ലാത്ത തീർത്തും പുതുമയേറിയ ചിത്രമാണ് പൂമരം എന്ന് അദ്ദേഹം പറയുന്നു. പുതു തലമുറയുടെ അപൂർവ സിദ്ധികളെയും വിജ്ഞാനത്തെയും മാറ്റുരച്ചു നോക്കുന്ന മുഹൂർത്തങ്ങൾ ആണ് ഈ ചിത്രം സമ്മാനിക്കുന്നത്. സത്യസന്ധവും സൗന്ദര്യാത്മകവും നിഷ്കളങ്കവുമായ ആവിഷ്കാര ശൈലിയാണ് ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നതെന്നു പറഞ്ഞ ഹരിഹരൻ, സംവിധായകൻ എബ്രിഡ് ഷൈന്റെ ഭാവനകളെയും കഠിനാധ്വാത്തെയും അഭിനന്ദിക്കുകയും ചെയ്തു.
വിദ്യാർത്ഥി നേതാവായി അഭിനയിച്ച കാളിദാസ് ജയറാം വളരെ അനായാസമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റെ ഭാവി സുരക്ഷിതമാക്കി എന്ന് പറഞ്ഞു അഭിനന്ദിച്ച ഹരിഹരൻ പെൺകുട്ടികളുടെ നേതാവായി അഭിനയിച്ച നീത എന്ന പുതുമുഖ നടിയുടെ പ്രകടനത്തെയും പ്രശംസിച്ചു. കാമറ എന്ന ഒരു സാധനം മുമ്പിലുണ്ട് എന്ന് അറിയാത്ത പോലെ സ്വാഭാവികമായി ആണ് നീത അഭിനയിച്ചത്. ചെറിയ വേഷങ്ങൾ ചെയ്തവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. പൂമരത്തിലെ മനോഹരമായ സംഗീതത്തെ കുറിച്ച് സംവിധായകൻ സൂചിപ്പിച്ചിട്ടുണ്ട്. നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.