രാമലീലക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ്: ജി പി രാമചന്ദ്രനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

Update: 2018-06-04 03:49 GMT
Editor : Sithara
രാമലീലക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ്: ജി പി രാമചന്ദ്രനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം
Advertising

ദിലീപ് നായകനായ രാമലീലയ്‌ക്കെതിരായി ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ സിനിമാ സംഘടനകളുടെ പരാതി.

ദിലീപ് നായകനായ രാമലീലയ്‌ക്കെതിരായി ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ സിനിമാ സംഘടനകളുടെ പരാതി. രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്കിലൂടെ പറ‍ഞ്ഞ അക്കാദമി എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടി വേണമെന്നും സമിതിയില്‍ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ജി പി രാമചന്ദ്രനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും രംഗത്തെത്തി

ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ തീയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകളും ഫിലിം ചേംബറുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നേരത്തേ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാമലീലയുടെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. പൈറസിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതായി നിര്‍മ്മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്തില്‍ നിന്നാണ് ഇത്തരത്തില്‍ അഭിപ്രായമുയര്‍ന്നതെന്ന് സാംസ്‌കാരിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നായിരുന്നു കമലിന്റെ പ്രതികരണം. നൂറ് ശതമാനവും അപലപനീയമാണ് രാമചന്ദ്രന്റെ വിധ്വംസക പോസ്‌റ്റെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 28 എന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയര്‍ന്നു. എന്നാല്‍ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താന്‍ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങള്‍ പെട്ടെന്നുതന്നെ പിന്‍വലിച്ചിരുന്നുവെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജി പി രാമചന്ദ്രന്‍ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News