‘’പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു’’: എസ്.എന്‍ സ്വാമി
അച്ഛനും മോളും കൂടി കടലിലേക്ക് പോയപ്പോള്‍ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു.
മമ്മൂട്ടി നായകനായ പേരന്‍പ് എന്ന തമിഴ് ചിത്രം കണ്ട് കണ്ണ് നിറഞ്ഞ് പ്രശസ്ത തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിയാവര്‍ത്തനം കണ്ട് കരഞ്ഞ ശേഷം ഇന്നാദ്യമായിട്ടാണ് ഒരു സിനിമ കണ്ട് കരയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരന്‍പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച സിനിമയായിരുന്നു എന്റെ സുഹൃത്തിന്റെ തനിയാവര്‍ത്തനം. ആ സിനിമ കണ്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. അന്ന് ഞാന്‍ അഹങ്കാരത്തോടെ തീരുമാനിച്ചു, ഇനിയേത് സിനിമ കണ്ടാലും ഞാന്‍ കരയില്ലെന്ന്. ഇക്കാലയളവില്‍ അങ്ങനെയൊരു ചിത്രം ഞാന്‍ കണ്ടതുമില്ല'.
പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു. കാരണം തനിയാവര്‍ത്തനം ഇതിലും ആവര്‍ത്തിക്കുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. അച്ഛനും മോളും കൂടി കടലിലേക്ക് പോയപ്പോള്‍ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു. ഇതുപോലൊരു സുന്ദരമായ സിനിമ സമ്മാനിച്ച ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി.'-എസ്.എന്‍. സ്വാമി പറഞ്ഞു.
റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയറ്ററിൽ എത്തുന്നത്. തങ്കമീന്‍കള്‍ ഫെയിം സാധന, അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ജോഷി, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരും പേരന്‍പ് കാണാന്‍ എത്തിയിരുന്നു .