‘സംവിധാനം’ പാര്‍വതി; പ്രഖ്യാപനം അടുത്ത വര്‍ഷം
കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് പാര്‍വതി.
ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് നടി പാര്‍വതി. പുതിയ ചിത്രം ഉയരെയുടെ വിശേഷങ്ങളും നിലപാടുകളും പങ്കുവെക്കുന്നതിനിടെയാണ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് പാര്‍വതി തുറന്ന് പറഞ്ഞത്.
സംവിധാനം അടുത്ത വര്‍ഷമായിരിക്കുമെന്നും അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, കഥ പറച്ചിലിലേക്കും സിനിമയിലെ മറ്റുപല വിഭാഗങ്ങളിലേക്കും മാറാനുള്ള താല്‍പര്യം തുടങ്ങിയിട്ട് കുറേയായിയെന്നും പാര്‍വതി ‘മാധ്യമ’വുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു. പുതിയ സിനിമാ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും താരം അറിയിച്ചിട്ടുണ്ട്.
ഒരുക്കാലത്ത് എന്ന് എന്റെ മൊയ്തീന്‍, ചാര്‍ലി, ബാംഗ്ഗൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ നമ്പര്‍ വണ്‍ നായികയായിരുന്നു പാര്‍വതി. എന്നാല്‍ നടിയെ അക്രമിക്കപ്പെട്ട സംഭവവും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണവും മുതല്‍ കസബ സിനിമയില്‍ മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രത്തിലെ സ്ത്രീവിരുദ്ധയെ ചൂണ്ടിക്കാട്ടി പറഞ്ഞ അഭിപ്രായങ്ങള്‍ വരെ വലിയ വിവാദങ്ങളും അവഗണനയുമാണ് പാര്‍വതിക്ക് സമ്മാനിച്ചത്.
14 വര്‍ഷത്തെ സിനിമ കരിയറില്‍ ചുരുങ്ങിയ സിനിമകള്‍കൊണ്ടാണ് ഒട്ടേറെ അംഗീകാരങ്ങള്‍ പാര്‍വതി കരസ്ഥമാക്കിയത്. 2017ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച നടിക്കുളള പുരസ്‌കാരവും 2015ലും 2017ലും മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം തുടങ്ങിയവയാണ് അതില്‍ പ്രധാനമായത്.