പത്തു വര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു; ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ടെന്ന് ബാബുരാജ്

അടികൊള്ളാന്‍ വേണ്ടി അഭിനയിക്കാന്‍ പോകുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ താഴെയാണ് സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല

Update: 2021-08-27 04:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ സംവിധായകന്‍ ആഷിഖ് അബുവാണ് ബാബുരാജിന്‍റെ തലവര മാറ്റിയെഴുതിയത്. അതോടെ കോമഡി കഥാപാത്രങ്ങളും ബാബുരാജിന് വഴങ്ങുമെന്നായി. പിന്നീട് ബാബുരാജിന് ലഭിച്ച വേഷങ്ങളെല്ലാം ഒരു നടനെന്ന നിലയില്‍ എന്തെങ്കിലും ചെയ്യാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കുന്നതായിരുന്നു ഈയിടെ ഇറങ്ങിയ ജോജി എന്ന ചിത്രത്തിലെ പ്രകടനം. ഇപ്പോള്‍ മികച്ച വേഷങ്ങള്‍ ബാബുരാജിനെ തേടി വരുന്നുണ്ട്. എന്നാല്‍ തുടക്ക കാലത്ത് ഒരുപാട് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഡയലോഗ് പോലും പറയാനില്ലാതെയാണ് വര്‍ഷങ്ങളോളം സിനിമയില്‍ പിടിച്ചുനിന്നതെന്നും ബാബുരാജ് പറയുന്നു.

പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു. അടികൊള്ളാന്‍ വേണ്ടി അഭിനയിക്കാന്‍ പോകുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കാള്‍ താഴെയാണ് സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല. ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു. കാര്‍ ഉണ്ടായിരുന്നെങ്കില്‍ പോലും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ലോക്കേഷനിലേക്ക് നടന്നാണ് പോയിരുന്നതെന്നും താരം ഓര്‍ക്കുന്നു. അന്ന് കാര്‍ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരസ്ഥലത്ത് നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും. കാര്‍ ഉണ്ടെന്നറിഞ്ഞാല്‍ ഉള്ള റോള്‍ പോവും. ബാബുരാജ് പറയുന്നു. അന്ന് എറണാകുളത്തെ ഒരു ലീഡിങ്ങ് വക്കീലിന്‍റെ ശിഷ്യനായിരുന്നിട്ടും സിനിമയോടുള്ള കമ്പം കാരണമാണ് ഇതെല്ലാം സഹിച്ചും നിലനിന്നതെന്നും ബാബുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തില്‍ ഒരിക്കലും തനിക്ക് പ്രത്യേകം ഒരു സ്ഥാനം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യ വാണി വിശ്വനാഥിനെക്കുറിച്ചും അഭിമുഖത്തില്‍ ബാബുരാജ് പറയുന്നുണ്ട്. "ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്ന് പറഞ്ഞിരുന്നു," ബാബുരാജ് പറഞ്ഞു.

വാണി അഭിനയിച്ചിരുന്ന സമയത്തെ അവരുടെ സൂപ്പര്‍താര പദവിയെക്കുറിച്ചും ഫിറ്റ്നസിലുള്ള ഭാര്യയുടെ ശ്രദ്ധയെ കുറിച്ചും ബാബുരാജ് പറഞ്ഞു. "ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ വേറെയും..ബാബുരാജ് പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News