അമ്മയില്‍ നിന്നുള്ള രാജിയില്‍ മാറ്റമില്ലെന്ന് ഹരീഷ് പേരടി

'സ്ത്രീവിരുദ്ധ നിലപാടെടുക്കുന്ന സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യില്ല'

Update: 2022-06-05 04:47 GMT

താര സംഘടനയായ അമ്മയിൽ നിന്നുള്ള രാജിയിൽ മാറ്റമില്ലെന്ന് നടന്‍ ഹരീഷ് പേരടി. വിജയ് ബാബുവിനെ പുറത്താക്കില്ലെന്ന് ഇടവേള ബാബു പറഞ്ഞു. താന്‍ സംഘടനയെ അമ്മ എന്ന് വിളിക്കാത്തതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്ന സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യില്ല. രാജി വേഗം അംഗീകരിക്കണമെന്നും താനും സംഘടനയും രണ്ട് ദിശയിലാണെന്നും ഹരീഷ് പേരടി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നലെ എ.എം.എം.എയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്‍റെ രാജി ചർച്ച ചെയ്തിരുന്നുവെന്ന് പറഞ്ഞു. എന്‍റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നു ചോദിച്ചു. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അയാളെ എ.എം.എം.എ പുറത്താക്കിയതാണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു. വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നും ഐ.സി കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേള ബാബു ഉറക്കെ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു. പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്... എ.എം.എം.എയെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ. ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി. അമ്മ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ. എ.എം.എം.എ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറിജിനൽ ചുരുക്കപേരാണ്. 15ആം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ (എക്സിക്യുട്ടീവ് മീറ്റിങ്) എന്‍റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാൻ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം.

Advertising
Advertising


ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു...ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി...

Posted by Hareesh Peradi on Saturday, June 4, 2022


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News