9 കോടിയുടെ പാന്‍ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ
യൂത്ത് ഐക്കൺ എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് കാർത്തിക് ബോധവാനാണ്
പാൻ മസാല പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യൻ. 9 കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യൻ നിരസിച്ചത്. ഇത്രയും വലിയ പ്രതിഫലം വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. എന്നാൽ ഒരു യൂത്ത് ഐക്കൺ എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് കാർത്തിക് ബോധവാനാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.
പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ച കാര്‍ത്തിക് ആര്യന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. അക്ഷയ് കുമാര്‍, അജയ് ദേവ്‍ഗണ്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ പുകയില നിര്‍മാണ കമ്പനിക്കായി പരസ്യം ചെയ്യാന്‍ കരാറിലെത്തിയിരുന്നു. പിന്നീട് അക്ഷയ് കുമാര്‍ മാപ്പുപറഞ്ഞു. ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതികരണങ്ങള്‍ തന്നെ ചിന്തിപ്പിച്ചെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
പ്യാർ കാ പഞ്ച്നാമയിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പ്യാർ കാ പഞ്ച്നാമ 2, കാഞ്ചി-ദി അൺബ്രേക്കബിൾ, ലൂക്കാ ചുപ്പി, ഗസ്റ്റ് ഇൻ ലണ്ടൻ, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കാര്‍ത്തിക് ആര്യൻ അഭിനയിച്ച ഭൂല്‍ ഭുലയ്യ 2 ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. തബു, കിയാര അദ്വാനി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. ഫ്രെഡിയാണ് കാര്‍ത്തിക് ആര്യന്‍റെ അടുത്ത സിനിമ.
Summary- Actor Kartik Aaryan was offered a paan masala advertisement deal worth 9 crore which he rejected