'ജയ് ഭീം ഇഷ്ടപ്പെട്ടതിൽ സന്തോഷം'; മുഹമ്മദ് റിയാസിനും ശൈലജ ടീച്ചർക്കും നന്ദിയറിയിച്ച് സൂര്യ

'ശക്തമായ അവതരണം, കൃത്യമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങൾ' എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ ട്വീറ്റ്.

Update: 2022-08-26 12:05 GMT
Advertising

ജയ് ഭീം സിനിമ കണ്ട് അഭിനന്ദനമറിയിച്ച മന്ത്രി മുഹമ്മദ് റിയാസിനും ശൈലജ ടീച്ചര്‍ക്കും നന്ദിയറിയിച്ച് നടന്‍ സൂര്യ. ട്വിറ്ററിലൂടെയാണ് നടന്‍റെ പ്രതികരണം. "ശക്തമായ അവതരണം, കൃത്യമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങൾ" എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ ട്വീറ്റ്. ഫേസ്ബുക്കിലും സിനിമയെ അഭിനന്ദിച്ച് മന്ത്രി പോസ്റ്റ് ചെയ്തിരുന്നു.



സമൂഹത്തിലെ വ്യവസ്ഥാപരമായ അക്രമങ്ങളുടെയും സാമൂഹിക വിവേചനങ്ങളുടെയും ചിത്രീകരണമാണ് ജയ് ഭീമെന്നും മാറ്റത്തിന് പ്രചോദനമാണെന്നുമായിരുന്നു ശൈലജ ടീച്ചറുടെ ട്വീറ്റ്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെ അവര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ അഭിപ്രായം വിലമതിക്കുന്നതാണെന്നും ജയ് ഭീം ടീമിന്‍റെ നന്ദിയറിയിക്കുന്നെന്നുമായിരുന്നു ശൈലജ ടീച്ചര്‍ക്ക് സൂര്യ നല്‍കിയ മറുപടി. 



മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതകഥയെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം നവംബർ 2ന് ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. 1990ലെ രാജകണ്ണു കസ്റ്റഡി മരണമാണ് ചിത്രത്തിന്‍റെ കഥാതന്തു. 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. മലയാളിയായ ലിജോ മോള്‍ ജോസ്, രജിഷ വിജയന്‍ തുടങ്ങി പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 

നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കാരണമായ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. സമൂഹത്തില്‍ വിവേചനമനുഭവിക്കുന്ന ഇരുള, നരിക്കുറവ വിഭാഗങ്ങള്‍ക്ക് സഹായ പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. രാജാക്കണ്ണിന്‍റെ ഭാര്യയായ പാര്‍വ്വതി അമ്മാളിന് നടന്‍ സൂര്യ തന്നെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. 

അതേസമയം, തങ്ങളെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് സൂര്യയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വണ്ണിയാർ സമുദായത്തിന്‍റെ ഭീഷണികളും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News