ന്യൂമോണിയ വല്ലാതെ ബാധിച്ചിരുന്നു, ശ്വാസം കിട്ടാത്ത അവസ്ഥ; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് നടി ബീന ആന്‍റണി

ആദ്യമേ പറയട്ടെ. ഷൂട്ടിങ്ങിന് പോയിട്ടല്ല, എനിക്ക് കോവിഡ് വന്നത്

Update: 2021-05-20 09:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡിനെ അതിജീവിച്ച അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ബീന ആന്‍റണി. നടി തെസ്‌നി ഖാന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള താരത്തിന്‍റെ തുറന്നുപറച്ചില്‍.

ബീനയുടെ വാക്കുകള്‍

ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഇതുവരെ പറഞ്ഞും കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. ആദ്യമേ പറയട്ടെ. ഷൂട്ടിങ്ങിന് പോയിട്ടല്ല, എനിക്ക് കോവിഡ് വന്നത്. ഇപ്പോൾ ടിവിയില്‍ വരുന്നത് നേരത്തെ ഷൂട്ട് ചെയ്ത ഭാഗങ്ങളാണ്. തളർച്ച തോന്നിയപ്പോൾ തന്നെ മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വെച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.

അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാൻ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. മനു (ഭർത്താവ് മനോജ്) നൽകിയ ധൈര്യം, പ്രാർത്ഥനയും തുണയായി. ‌എന്തുമാത്രം എല്ലാവരും എന്നെ സ്നേഹിക്കുന്നുവെന്ന് മനസിലാക്കാൻ ആ സമയത്ത് കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടർക്ക് പോലും ഭയങ്കര അതിശയമായി. രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റാൻ കഴിഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മുതൽ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങൾ നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. കോവിഡ് ആരും നിസാരമായി എടുക്കരുത്.

രണ്ട് വർഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് അമ്മ എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്‍റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ. ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ അമ്മയുടെ മെഡി ക്ലെയിം ഉള്ളതിനാൽ കയ്യില്‍ നിന്ന് ചെറിയ തുകയേ ആയുള്ളൂ. 'അമ്മ' ഒപ്പുമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസ്സിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. മനുവിനും കൊച്ചിനും പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്കും കുടുംബത്തിനും ... എല്ലാവർക്കും നന്ദി പറയുന്നു. ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്‍റൈ നിലാണ്. അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച് നിങ്ങളെ കാണാൻ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവൻ നന്മ വരട്ടെ. കോവിഡ് ലോകത്ത് നിന്നുതന്നെ മാറി പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News