'അഗ നഗ മുഗനഗിയേ'; 'പൊന്നിയൻ സെൽവൻ 2' ലെ ആദ്യഗാനം പുറത്ത്

ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്

Update: 2023-03-20 15:44 GMT
Advertising

മണിരത്നം ചിത്രം 'പൊന്നിയൻ സെൽവൻ 2' ലെ ആദ്യഗാനം പുറത്ത്. 'അഗ നഗ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഇളങ്കോ കൃഷ്ണൻ രചിച്ച് ശക്തിശ്രീ ഗോപാലൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്.

കുന്ദവൈയും വന്ദ്യദേവനും തമ്മിലുള്ള പ്രണയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തമിഴ് , കന്നഡ, തെലുങ്ക് , ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഗാനം പുറത്തിറക്കിയിട്ടുണ്ട്. ഗാനത്തിന് മുന്നോടിയായി പുറത്ത് വിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ഏപ്രിൽ 28നാണ് ആഗോളവ്യാപകമായി ചിത്രം റിലീസ് ചെയ്യുക.

എഴുത്തുകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. തൃഷ, ജയം രവി, പ്രഭു, ശരത് കുമാർ, കാർത്തി, വിക്രം, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങളും സിനിമയുടെ ഭാഗമാണ്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. രവി വര്‍മ്മന്‍റേതാണ് ഛായാഗ്രഹണം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News