ആദ്യ ഘട്ടം പൂർത്തിയായി; തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് അജിത്

2021 ൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ താരം ആറ് മെഡലുകൾ നേടിയിരുന്നു

Update: 2022-07-27 11:50 GMT
Editor : abs | By : Web Desk
Advertising

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് നടൻ അജിത് കുമാർ. ജൂലൈ 25നാണ് മത്സരം ആരംഭിച്ചത്. കോയമ്പത്തൂരിൽ വെച്ചുള്ള ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം ബാക്കി മത്സരങ്ങളിൽ ത്രിച്ചിയിൽ എത്തിയ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 1500 ഓളം ഷൂട്ടർമാർ പങ്കെടുക്കുന്ന മത്സരം ഈ മാസം അവസാനം വരെ നീളും.

ത്രിച്ചി റൈഫിൾ ക്ലബ്ബിൽ എത്തിയ താരത്തെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. തന്നെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്തതിനുശേഷമാണ് താരം മത്സരത്തിൽ പങ്കെടുക്കാൻ ഇറങ്ങിയത്. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്. വർഷങ്ങളായി ഷൂട്ടിങ് പരിശീലിക്കുന്ന താരം 2021 ൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകൾ നേടിയിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈയിലാണ് അജിത്തിന്റെ അവസാനം തിയറ്ററിലെത്തിയ ചിത്രം. താരത്തിന്റെ പുതിയ ചിത്രം എകെ61 സംവിധാനം ചെയ്യുന്നതും വിനോദ് തന്നെയാണ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിലവിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇതിനുശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News