തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങി ആലിയ ഭട്ടിൻറെ ഡാർലിങ്‌സ്

കഥാപാത്രങ്ങളിലും കഥാപശ്ചാത്തലത്തിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് റെഡ് ചില്ലീസ് എന്റർടെയ്ൻമെൻറ് സി.ഒ.ഒ ഗൗരവ് വർമ അറിയിച്ചു

Update: 2022-08-10 16:06 GMT

ആലിയ ഭട്ട് നായികയായ ഏറ്റവും പുതിയ ചിത്രം ഡാര്‍ലിങ്സ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു. ഷാറൂഖ് ഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്‍റ് സി.ഒ.ഒ ഗൗരവ് വര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്- തെലുങ്ക് ഭാഷകളിലാകും ചിത്രം റീമേക്ക് ചെയ്യുക. മുംബൈ പശ്ചാത്തലമായി നിര്‍മിച്ച ചിത്രമാണ് ഡാര്‍ലിങ്സ്. എന്നാല്‍ തമിഴിലും തെലുങ്കിലുമെത്തുമ്പോള്‍ കഥാപാത്രങ്ങളിലും കഥാപശ്ചാത്തലത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഗൗരവ് വര്‍മ വ്യക്തമാക്കി. 

ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രമെന്നതാണ് ഡാര്‍ലിങ്സിന്‍റെ പ്രത്യേകത. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാറൂഖും നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു. ജസ്‍മീത് കെ റീന്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സ് ഡയറക്ട് റിലീസായാണ് പ്രേക്ഷകരിലെത്തിയത്. 

ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. ഗാര്‍ഹിക പീഡനത്തിനെതിരായ സന്ദേശവും ചിത്രം നല്‍കുന്നു. ആലിയക്കൊപ്പം വിജയ് വര്‍മയും ഷെഫാലി ഷായും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരം റോഷൻ മാത്യുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്സ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' ലൂടെയാണ് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News