കേൾവിശക്തി നഷ്ടപ്പെട്ടെന്ന് അൽക്ക യാഗ്നിക്ക്, ഞെട്ടി ആരാധകർ; എന്താണ് എസ്എൻഎച്ച്എൽ?
അധിക സമയം ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട് അൽക്ക
തനിക്ക് കേൾവിശക്തി നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി പ്രശസ്ത ഗായിക അൽക്ക യാഗ്നിക്. കുറച്ച് നാളായി സമൂഹമാധ്യമങ്ങളിലൊന്നും സജീവമാകാത്തതിന് കാരണം വെളിപ്പെടുത്തുകയാണെന്നും വൈറസ് ബാധിച്ചതിനാൽ തനിക്ക് കേൾവി ശക്തിനഷ്ടപ്പെട്ടുവെന്നുമാണ് അൽക്കയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ആരാധകരെ ഞെട്ടിച്ച് ഗായിക രോഗവിവരം അറിയിച്ചത്.
അൽക്കയുടെ വാക്കുകൾ:
"എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടുമാണ്... ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു ഫ്‌ളൈറ്റ് യാത്രയ്ക്ക് ശേഷം പെട്ടെന്ന് എന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. എനിക്കൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. കുറച്ചധികം സമയമെടുത്തു എനിക്കതുൾക്കൊള്ളാൻ... ഇത്രയും നാൾ സമൂഹമാധ്യമങ്ങളിലൊന്നും തന്നെ സജീവമാകാതിരുന്നതിന് കാരണമന്വേഷിച്ച, എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഞാനത് വെളിപ്പെടുത്തുകയാണ്. അപൂർവമായ ഒരു കേൾവിത്തകരാറിന്റെ പിടിയിലാണ് ഞാനിപ്പോൾ. വൈറസ് ബാധ മൂലമാണിതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. എനിക്കൊരു സൂചന പോലുമുണ്ടായിരുന്നില്ല. രോഗാവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. പ്രാർഥനകളിലുൾപ്പെടുത്തുക".
വേറിട്ട, മനോഹരമായ ശബ്ദത്തിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ ഗായികയാണ് അൽക്ക യാഗ്നിക്. മാധുരി ദീക്ഷിത്, ജൂഹി ചൗള തുടങ്ങിയവർക്ക് വേണ്ടിയായിരുന്നു അൽക്കയുടെ പാട്ടുകളധികവും. 90കളിൽ ബോളിവുഡ് ആഘോഷമാക്കിയ പാട്ടുകളിൽ ഭൂരിഭാഗവും അൽക്കയുടേതായിരുന്നു. ഏഴ് തവണയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് അൽക്ക നേടിയത്.
ആരാധകരോട്, ഹെഡ്‌ഫോൺ ഉപയോഗിക്കുന്നതിന്റെയും അധിക സമയം ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിന്റെയും ദൂഷ്യവശങ്ങളെ കുറിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട് അൽക്ക. സെൻസറിന്യൂറൽ ഡെഫ്‌നെസ് എന്ന രോഗാവസ്ഥയാണ് അൽക്കയെ ബാധിച്ചിരിക്കുന്നത്. ചെവിയിൽ നിന്നും തലച്ചോറിലേക്കുള്ള നാഡികളിൽ തകരാർ സംഭവിക്കുന്നതാണ് ഈ രോഗത്തിന് കാരണം. സ്ഥിരമായ രോഗാവസ്ഥയാണിത്. തീവ്രതയനുസരിച്ച് കോക്ലിയർ ഇംപ്ലാന്റുകളും കേൾവിശക്തിക്കുള്ള ഉപകരണങ്ങളും ഉപയോഗിക്കാനാവും.
ശബ്ദം തിരിച്ചറിയാനാകാത്തതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഒരുപാട് ശബ്ദങ്ങളുണ്ടെങ്കിൽ ഒരു ശബ്ദം മാത്രമായി തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാകും. രോഗം തീവ്രമാകുന്നതിനനുസരിച്ച് കേൾവിശക്തിയും കുറഞ്ഞ് വരും.