ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തിൽ നിന്നും ഒളിച്ചോടില്ല; അല്ലു അര്‍ജുന്‍
ഇന്ന് രാവിലെയാണ് താരം ജയില്‍മോചിതനായത്
ഹൈദരാബാദ്: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തെലുങ്ക് നടൻ അല്ലു അർജുൻ. നിയമത്തിൽ നിന്നും ഒളിച്ചോടില്ല. വർഷങ്ങളായി താൻ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും നടൻ ജയിൽമോചിതനായതിന് പിന്നാലെ പ്രതികരിച്ചു. അതേസമയം മോചന ഉത്തരവ് രാത്രി ലഭിച്ചിട്ടും അല്ലുവിന്‍റെ ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് താരം ജയില്‍മോചിതനായത്. ഇടക്കാല ജാമ്യ ഉത്തരവ് രാത്രി വൈകിയും ജയിലിൽ എത്താതായതോടെയാണ് ജയിലില്‍ തന്നെ തുടരേണ്ടിവന്നത്. രാവിലെ കോടതി ഉത്തരവ് ജയിലില്‍ എത്തിയതിനുശേഷമാണ് താരം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പൊലീസ് സ്‌റ്റേഷന് ചുറ്റം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. നടന്‍ ചിരഞ്ജീവിയടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ് നിർത്തിവച്ച് നടന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.