ആ ഫോട്ടോ എന്നെ 35 വർഷം പുറകോട്ടു കൊണ്ടുപോയി: സി.ബി.ഐ സംവിധായകൻ കെ. മധു

മമ്മൂട്ടിയും കെ. മധുവും ഒന്നിച്ച മൂന്നാമത്തെ ചിത്രമായിരുന്നു, വൻഹിറ്റായി മാറിയ "ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്"

Update: 2022-03-22 14:28 GMT
Editor : André | By : André
Advertising

മലയാളത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട കുറ്റാന്വേഷണ ചലച്ചിത്ര പരമ്പരയുടെ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന 'ദി ബ്രെയ്ൻ' ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുമ്പോൾ സേതുരാമയ്യർ സി.ബി.ഐ ആയി മമ്മൂട്ടിയെ ഒരിക്കൽക്കൂടി കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്നാണ് വിവരം.

അതിനിടെ, ചിത്രത്തിന്റെ സംവിധായകൻ കെ മധു ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാ വിഷയം. ചിത്രീകരണത്തിനിടെ പകർത്തിയ സ്റ്റിൽ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെ കൈയിൽ തടഞ്ഞ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കെ. മധു കുറിച്ചതിങ്ങനെ:

'സി.ബി.ഐ 5: ദി ബ്രെയിനിന്റെ വർക്കിങ് സ്റ്റില്ലുകളിലൂടെ കടന്നുപോകുമ്പോൾ ഈ ചിത്രം എന്റെ മുഖത്ത് ഒരു ചിരി വിടർത്തി. ഇവിടെ ഞാനും ശ്രീ. മമ്മൂട്ടിയും ഷോട്ടിനായുള്ള ഒരുക്കങ്ങളിൽ മുഴുകുന്നത് കാണാം. ഇത് കാണുമ്പോൾ എന്റെ മനസ്സ്, ഞങ്ങൾ ഇരുവരും ഒന്നിച്ചു തുടങ്ങിയ മൂന്നു പതിറ്റാണ്ടു മുമ്പത്തെ ആദ്യ ഷോട്ടിലേക്ക് സഞ്ചരിക്കുയാണ്...'

സി.ബി.ഐ ചിത്രങ്ങളുടെ ബ്രാൻഡ് ഗെറ്റപ്പിൽ മമ്മൂട്ടി നിൽക്കുന്ന ചിത്രമാണ് കെ. മധു പങ്കുവച്ചത്. നെറ്റിയിൽ ചുവന്ന കുറി തൊട്ട് പുറകിൽ കൈകെട്ടി നിൽക്കുന്ന മമ്മൂട്ടിക്ക് നിർദേശം നൽകുകയാണ് ഇതിൽ സംവിധായകൻ. 

മൂന്നു പതിറ്റാണ്ടുകൾ

സി.ബി.ഐ പരമ്പര തുടങ്ങുന്നതിനു മുമ്പ് താൻ സംവിധാനം ചെയ്ത 'മലരും കിളിയും' എന്ന ചിത്രത്തെപ്പറ്റിയാണ് കെ. മധു പറയുന്നത് എന്നു വ്യക്തം. 1986-ൽ റിലീസ് ചെയ്ത ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. മേനക, അംബിക, ലാലു അലക്‌സ്, എം.ജി സോമൻ, അടൂർ ഭാസി, ജഗതി ശ്രീകുമാർ, സുകുമാരി എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

അതേവർഷം പുറത്തിറങ്ങിയ കെ. മധുവിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകൻ മമ്മൂട്ടിയായിരുന്നു. 'ഈ കൈകളിൽ' എന്ന പേരിലുള്ള ചിത്രത്തിൽ സുൽത്താൻ അബ്ദുൽ റസാക്ക് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കലൂർ ഡെന്നിസിന്റെ രചനയിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് പ്രേംപ്രകാശ്. രതീഷ്, സീമ, ശോഭന, തിലകൻ, ജനാർദനൻ, പ്രേംപ്രകാശ്, കുഞ്ചൻ, ഇന്നസന്റ്, സുകുമാരി തുടങ്ങിയവരും അഭിനയിച്ചു.

സേതുരാമയ്യരുടെ വരവ്

1987-ൽ മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ അധോലോകചിത്രം 'ഇരുപതാം നൂറ്റാണ്ടി'നും ശേഷമാണ് 1988-ൽ സി.ബി.ഐ പരമ്പരയിലെ ആദ്യ ചിത്രമായ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടിലൂടെയാണ് എസ്.എൻ സ്വാമിയും കെ. മധുവും ആദ്യമായി ഒന്നിക്കുന്നത്.

 

37 ലക്ഷം ബഡ്ജറ്റിൽ ഒരുങ്ങിയ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' 1986 ഫെബ്രുവരി 11-ന് റിലീസ് ചെയ്തു. സി.ബി.ഐ ഓഫീസറായ നായകന്റെ പേര് അലി ഇബ്രാഹീം എന്നാണ് എസ്.എൻ സ്വാമി തീരുമാനിച്ചിരുന്നതെങ്കിലും മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് സേതുരാമയ്യർ ആക്കി മാറ്റിയത്. അക്കാലത്തെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച സി.ബി.ഐ ഡയറിക്കുറിപ്പ് കേരളത്തിനു പുറത്തും വൻ വിജയമായി. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഒരു വർഷത്തോളമാണ് ചിത്രം കളിച്ചത്.

ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ വൻവിജയം രണ്ടാം ഭാഗമായ 'ജാഗ്രത' പുറത്തിറക്കാൻ നിർമാതാക്കൾക്ക് പ്രേരണയായി. ഒന്നാം ഭാഗത്തിനു ശേഷം അഞ്ച് ചിത്രങ്ങൾ കൂടി സംവിധാനം ചെയ്ത ശേഷമാണ് കെ. മധു രണ്ടാം ഭാഗം ഒരുക്കിയത്. 1989 സെപ്തംബറിലിറങ്ങിയ ജാഗ്രതയും ബോക്‌സ് ഓഫീസ് ഹിറ്റായി.

 

15 വർഷങ്ങൾക്കു ശേഷം

2004-ലാണ് ഈ സീരിസിലെ മൂന്നാമത്തെ ചിത്രം 'സേതുരാമയ്യർ സി.ബി.ഐ' റിലീസ് ചെയ്യുന്നത്. അതിനിടയിൽ മമ്മൂട്ടിയെ നായകനാക്കി അടിക്കുറിപ്പ് (1989), മൗനം സമ്മതം (1990), അടയാളം (1991), ഒരു അഭിഭാഷകന്റെ കേസ് ഡയറി (1995), ദി ഗോഡ്മാൻ (1999) എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി കെ. മധു സംവിധാനം ചെയ്തിരുന്നു. ഇതിൽ നാലെണ്ണത്തിന്റെ തിരക്കഥയൊരുക്കിയത് എസ്.എൻ സ്വാമിയാണ്.

15 വർഷത്തിനു ശേഷമുള്ള സേതുരാമയ്യരുടെ തിരിച്ചുവരവ് 2004-ൽ മലയാള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബ്ലോക്ക്ബസ്റ്റർ ആയി വിധിയെഴുതപ്പെട്ട ചിത്രം പത്ത് കോടിയാണ് ഗ്രോസ് കളക്ഷൻ നേടിയത്. 200 ദിവസത്തിലേറെ തിയേറ്ററിൽ കളിച്ച സേതുരാമയ്യർ ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രവുമായിരുന്നു.

 

മൂന്നാം ഭാഗത്തിന്റെ വിജയം ഈ പരമ്പരയിലെ അടുത്ത ചിത്രമൊരുക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചു. 'നേരറിയാൻ സി.ബി.ഐ' എന്ന പേരിൽ 2005-ൽ ചിത്രം പുറത്തിറങ്ങി. മുൻഭാഗങ്ങളുടെ വൻവിജയം ആവർത്തിക്കാൻ നാലാം ഭാഗത്തിനു കഴിഞ്ഞില്ലെങ്കിലും ചിത്രം തിയേറ്റർ ഹിറ്റായിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News