ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍; സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍

പാട്ടുകളും വീഡിയോകളും ഷോര്‍ട് ഫിലിമുകളും ചെയ്യുന്നതു തുടരും

Update: 2023-10-30 07:30 GMT
Editor : Jaisy Thomas | By : Web Desk

അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി: സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

''ഞാനെന്‍റെ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ രോഗമാണെന്ന് ഇന്നലെ ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട് ഫിലിമുകളും ചെയ്യുന്നതു തുടരും. മാക്സിമ അത് ഒടിടി വരെ ചെയ്യും. എനിക്ക് സിനിമയെ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ല, പക്ഷെ എന്‍റെ മുന്നില്‍ വേറെ വഴികളില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനവും ഞാന്‍ നല്‍കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്‍റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും'' എന്നാണ് സംവിധായകന്‍റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ അല്‍ഫോന്‍സ് അതു നീക്കം ചെയ്തു. 

Advertising
Advertising

ഗോള്‍ഡിന് ശേഷം തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താനെന്ന് കഴിഞ്ഞ ജൂലൈയിലാണ് അല്‍ഫോന്‍സ് ആരാധകരെ അറിയിച്ചത്. ഗിഫ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നതും താന്‍ തന്നെയാണെന്നായിരുന്നു അറിയിച്ചത്. ഇളയരാജ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഏഴ് പാട്ടുകൾ ഉണ്ടാകും. ഇളയരാജയും ഒരു ഗാനം ആലപിക്കുന്നുണ്ട്. ഗിഫ്റ്റിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. സാൻഡി, കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോമിയോ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

നേരം,പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പുത്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗോള്‍ഡ് വന്‍ പരാജയമായിരുന്നു.നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. പൃഥ്വിരാജും നയന്‍താരയുമായിരുന്നു നായികാനായകന്‍മാര്‍. നേരം 2 , പ്രേമം 2 എന്നല്ല താൻ ഈ സിനിമയ്ക്കു പേരിട്ടതെന്നും ഗോൾഡ് എന്നാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News