മാസ് റോളില്‍ ഫഹദ്, കൂടെ അപര്‍ണ ബാലമുരളിയും; 'ധൂമം' പ്രഖ്യാപിച്ച് കെ.ജി.എഫ് നിര്‍മാതാക്കള്‍

മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രമായിരിക്കും 'ധൂമം'

Update: 2022-09-30 13:55 GMT
Editor : ijas

സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ധൂമം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്. 'ലൂസിയ', 'യു-ടേണ്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 9-ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളില്‍ റിലീസ് ചെയ്യും.

Advertising
Advertising

നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രമായിരിക്കും 'ധൂമം'. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ധൂമം' എന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. ഇക്കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. പുതിയ പ്രമേയം അവതരിപ്പിക്കുന്ന ധൂമത്തില്‍ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. രണ്ട് പ്രമുഖ താരങ്ങളുടെ സമാഗമം ബിഗ് സ്‌ക്രീനില്‍ മായാജാലം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News