'കുറ്റകൃത്യങ്ങളിലെ ദൃശ്യം മോഡല്‍'; ജീത്തു ജോസഫിന് പറയാനുള്ളത്
"ഒരിക്കല്‍ ഒരു കേസ് പിടിച്ചപ്പോള്‍ അതിലെ പ്രതികള്‍ പറഞ്ഞത് അവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മറ്റൊരു ദിക്കിലേക്കുള്ള ട്രെയിനില്‍ ഉപേക്ഷിച്ചെന്നാണ്"
ദൃശ്യം സിനിമക്ക് ശേഷം സംഭവിച്ച പല കുറ്റകൃത്യങ്ങളും 'ദൃശ്യം മോഡല്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. കുറ്റകൃത്യങ്ങളിലെ സൂക്ഷ്മമായ ഒളിപ്പിച്ചു വെക്കലും തെളിവു നശിപ്പിക്കലുമെല്ലാമാണ് 'ദൃശ്യം മോഡല്‍' എന്ന പേര് ചാര്‍ത്തുന്നതിന് കാരണം. എന്നാല്‍ ഇത്തരം വിശേഷണങ്ങളെ എങ്ങനെ കാണുന്നുവെന്ന് വിശദീകരിക്കുകയാണ് 'ദൃശ്യം' സംവിധാനം ചെയ്ത ജീത്തു ജോസഫ്.
ദൃശ്യത്തിന് മുന്‍പും ശേഷവും ആ സിനിമയിലേതു പോലുള്ള കൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജീത്തു പറയുന്നു. ജോര്‍ജുകുട്ടി എന്ന കഥാപാത്രം ദൃശ്യം സിനിമയില്‍ ചെയ്തതു ജീവിതത്തില്‍ ചെയ്താല്‍ പെട്ടെന്നു പിടിക്കപ്പെടുമെന്നും തിയറ്ററില്‍ ആളുകളെ വിസ്മയിപ്പിക്കണമെന്നാണ് സിനിമയില്‍ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.
'ഒരു കുറ്റക്യത്യം നടന്നാല്‍ അതു മറയ്ക്കാനും തെളിവു നശിപ്പിക്കാനുമാണ് അതിനു പിന്നിലുള്ളവര്‍ ആദ്യം ശ്രമിക്കുക. അതെല്ലാം സിനിമയുണ്ടാകുന്നതിനു മുന്‍പേയുള്ളതാണ്. സിനിമയില്‍ കാണുന്ന ഒരു കാര്യം ചിലരെ സ്വാധീനിച്ചേക്കാം. ഒരിക്കല്‍ ഒരു കേസ് പിടിച്ചപ്പോള്‍ അതിലെ പ്രതികള്‍ പറഞ്ഞത് അവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മറ്റൊരു ദിക്കിലേക്കുള്ള ട്രെയിനില്‍ ഉപേക്ഷിച്ചെന്നാണ്. സിനിമയില്‍ നിന്നാണ് ആ ആശയം കിട്ടിയതെന്നും പറഞ്ഞു. പക്ഷേ, അവര്‍ക്കതു കൊണ്ട് ഗുണമുണ്ടായില്ല. പിടിക്കപ്പെട്ടു. ജോര്‍ജുകുട്ടി എന്ന കഥാപാത്രം ദൃശ്യം സിനിമയില്‍ ചെയ്തതു ജീവിതത്തില്‍ ചെയ്താല്‍ പെട്ടെന്നു പിടിക്കപ്പെടും. തിയറ്ററില്‍ ആളുകളെ വിസ്മയിപ്പിക്കണമെന്നാണ് നോക്കിയത്'; ജീത്തു ജോസഫ് പറഞ്ഞു.
മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റായ ദൃശ്യം ആണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി എന്ന കഥാപാത്രം തന്‍റെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഒരു കുറ്റകൃത്യം ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ മറയ്ക്കുന്നതാണ് ദൃശ്യത്തിന്‍റെ പ്രമേയം. സിനിമ ഹിറ്റായതോടെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസിനെത്തി. ദൃശ്യം 3 അണിയറയില്‍ ഒരുങ്ങുന്നതായി ജീത്തു ജോസഫ് തന്നെ അറിയിച്ചിരുന്നു.