"ഞാന്‍ വർണ്ണാന്ധതയുള്ളയാളാണ്, ക്രിസ്റ്റഫർ നോളനും ഇതേ അവസ്ഥയാണെന്ന് അറിഞ്ഞപ്പോള്‍ ആത്മവിശ്വാസമായി": ദിലീഷ് പോത്തന്‍

നോളനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ സിനിമാ ജീവിതത്തിന്‍റെ ആദ്യഘട്ടത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നേനെയെന്ന് ദിലീഷ് പോത്തന്‍

Update: 2022-04-18 14:24 GMT
Editor : ijas
Advertising

താന്‍ വർണ്ണാന്ധതയുള്ളയാളാണെന്നും കൊച്ചിയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായി ജോലി ചെയ്തിരുന്ന സമയത്താണ് ഈ പ്രശ്നം മനസ്സിലായതെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. വർണ്ണാന്ധതയാണെന്ന് സ്ഥിരീകരിച്ച സമയത്ത് അതിനെ കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് അതിനെക്കുറിച്ച് വായിക്കാന്‍ തുടങ്ങിയതോടെ സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളെന്ന നിലയില്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായും ദിലീഷ് പോത്തന്‍ പറഞ്ഞു. ലോകപ്രശസ്ത ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളനും വർണ്ണാന്ധതയാണെന്ന വാര്‍ത്ത കണ്ടപ്പോഴാണ് ആശ്വാസമായതെന്നും അത് വലിയ ആത്മവിശ്വാസം നല്‍കിയതായും ദിലീഷ് പോത്തന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. തിരിഞ്ഞുനോക്കുമ്പോൾ നോളനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ സിനിമാ ജീവിതത്തിന്‍റെ ആദ്യഘട്ടത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നേനെയെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ വർണ്ണാന്ധത ബാധിച്ച ഉദ്യോഗാർത്ഥികളെ ഫിലിം മേക്കിംഗും എഡിറ്റിംഗും സംബന്ധിച്ച കോഴ്‌സുകളിൽ നിന്ന് ഒഴിവാക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയതായും അതിനെ സ്വാഗതം ചെയ്തിരുന്നതായും ദിലീഷ് പോത്തന്‍ പറഞ്ഞു. "വർണ്ണാന്ധത എന്നത് അന്ധതയുടെ ഒരു രൂപമല്ല, മറിച്ച് ഒരു കുറവ് മാത്രമാണ്" എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വളരെ സത്യമാണത്. എന്‍റെ കാഴ്‌ചയിൽ ചെറിയ പ്രശ്‌നമുണ്ടാകാം, പക്ഷേ അത് എന്‍റെ സംവേദനക്ഷമതയിലല്ലെന്ന് ഞാൻ പറയും"-ദിലീഷ് പറഞ്ഞു.

വർണ്ണാന്ധത ഉണ്ടെന്ന് അറിഞ്ഞതോടെ തനിക്ക് ചുറ്റുമുള്ളവരും വല്ലാതായിരുന്നതായും അവർ പലതും കാണിക്കുകയും അതിന്‍റെ നിറത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നുവെന്നും ഇപ്പോഴും ചില സുഹൃത്തുക്കൾ തന്നോട് തമാശയായി ചോദിക്കാറുണ്ടെന്ന അനുഭവവും ദിലീഷ് പങ്കുവെച്ചു. ചില പ്രത്യേക നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതിനേക്കാൾ താൻ മറ്റൊരു ലോകം കാണുന്നുണ്ട് എന്ന തിരിച്ചറിവായിരുന്നു മുന്നോട്ട് നയിച്ചിരുന്നതെന്നും ദിലീഷ് പറഞ്ഞു.

തന്നെ ബാധിച്ച വർണ്ണാന്ധതയെ കുറിച്ച് ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്‍റെ വിശേഷണത്തെ ദിലീഷ് പോത്തന്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്: "ഷൈജു ഖാലിദ് ഒരിക്കൽ എന്നോട് പറഞ്ഞു, "ഞങ്ങൾ വലിയൊരു മങ്ങിയ ലോകവും ചുറ്റുമുള്ള അഴുക്കുകളും കാണുമ്പോൾ, നിങ്ങൾ കാണുന്നത് ഒരു ഗ്രേഡഡ് കാഴ്ച ആയിരിക്കാം എന്നാണ്".

ഇങ്ങനെയൊക്കെയാണെങ്കിലും ചില സമയങ്ങളിൽ ഈ അവസ്ഥ ജോലിസ്ഥലത്ത് തന്നെ ബാധിക്കാറുണ്ടെന്നും വർണ്ണാന്ധതയെ പ്രതിരോധിക്കാൻ നല്ല രീതിയിലുള്ള ഒരു പ്രവർത്തന ശൈലി വികസിപ്പിച്ചെടുത്തതായും ദിലീഷ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News