ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രം; 'പാച്ചുവും അത്ഭുതവിളക്കും' നാളെ തിയേറ്ററുകളിൽ

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യനാണ് ചിത്രമൊരുക്കിയിരിക്കുന്നത്

Update: 2023-04-27 10:14 GMT

ചിരിയുടെ ചക്രവർത്തി ഇന്നസെന്‍റെ അവസാനമായി അഭിനയിച്ച ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നാളെ തീയേറ്ററുകളില്‍. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യനാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടേതായിറങ്ങിയ ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണുള്ളത്. മധ്യവർഗ മലയാള സമൂഹത്തിന്‍റെ നേർക്കാഴ്ചകളൊപ്പിയെടുത്ത് സ്ക്രീനിലെത്തിച്ചയാളായ സത്യൻ അന്തിക്കാടിന്‍റെ മകൻ ഒരുക്കുന്ന സിനിമയായതിനാൽ തന്നെ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്‍റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഇന്നസെന്‍റ് എത്തിയിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കിലും ഏറെ പ്രാധാന്യമുള്ളൊരു വേഷമാണ് അദ്ദേഹത്തിനുള്ളത്.

Advertising
Advertising

ഇക്കഴിഞ്ഞ മാർച്ച് 26നായിരുന്നു ഇന്നസെന്‍റിന്‍റെ വിയോഗം. മാന്നാർ മത്തായി, സ്വാമിനാഥൻ, നാരായണൻ, ഉണ്ണിത്താൻ, കിട്ടുണ്ണി, ചാക്കോ മാപ്പിള, പോഞ്ഞിക്കര, കുറുപ്പ്, വാര്യർ തുടങ്ങി ഒരു പൊട്ടിച്ചിരിയോടെയോ വിങ്ങലോടെയോ മാത്രം ഓർത്തെടുക്കാനാകുന്ന ഒട്ടേറെ കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

ഫഹദും ഇന്നസെന്‍റും കൂടാതെ മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദിനെ ഏറെ നാളുകൾക്ക് ശേഷം ഏറെ രസകരമായ കുസൃതിയൊളിപ്പിച്ചൊരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കുമെന്ന് പുറത്തിറങ്ങിയ ട്രെയിലറും ഗാനവുമൊക്കെ തരുന്ന സൂചന. ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഉതുപ്പ് വള്ളിക്കാടനും സിനിമാ പ്രേക്ഷകർ നിറചിരിയോടെ ഓർക്കുന്ന കഥാപാത്രങ്ങളാണ്. വീണ്ടും ഫഹദും ഇന്നസെന്‍റും ഒരുമിച്ചെത്തുമ്പോൾ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്.

ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഫയെത്തുന്ന സിനിമ കൂടിയാവും പാച്ചുവും അത്ഭുത വിളക്കും. സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ മുമ്പ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News