ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ് യുടെ അവസാന ചിത്രം ജനനായകൻ റിലീസിനൊരുങ്ങുകയാണ്. ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജനനായകനും ശിവകാര്‍ത്തികേയൻ നായകനാകുന്ന പരാശക്തിയുമാണ് പൊങ്കലിൽ ഏറ്റുമുട്ടുന്ന ചിത്രങ്ങൾ. ഈ മാസം 10നാണ് പരാശക്തിയുടെ റിലീസ്.
രണ്ടുചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിനാൽ പരാശക്തി റിലീസിനെതിരെ വിജയ് ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം ശിവ കാർത്തികേയന്‍റെ പോസ്റ്ററുകൾ നശിപ്പിക്കുന്ന വിജയ് ആരാധകരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ജനനായകന് പകരം പരാശക്തി തെരഞ്ഞെടുത്തതിന് തമിഴ്നാട്ടിലെ ഒരു തിയറ്റര്‍ ഉടമക്ക് വിജയ് ആരാധകരിൽ നിന്നും അധിക്ഷേപം നേരിട്ടിരിക്കുകയാണ്. വിജയ് ഫാൻസ് തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി തിയറ്റര്‍ ഉടമ പറയുന്നു.
കുംഭകോണത്തെ വാസു സിനിമാസാണ് പല കാരണങ്ങളാൽ ഈ പൊങ്കലിന് ജനനായകന് പകരം പരാശക്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതായി എക്സിൽ അറിയിച്ചത്. നൻപൻ, തെരി, സർക്കാർ, ബീസ്റ്റ് തുടങ്ങിയ ചിലത് ഒഴികെ കഴിഞ്ഞ 15 വർഷമായി തങ്ങളുടെ തിയറ്ററുകളിൽ എല്ലാ വിജയ് ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അവർ ആരാധകരെ ഓർമ്മിപ്പിച്ചു.പരാശക്തി പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് വിജയിനെ ബഹുമാനിക്കുന്നില്ല എന്ന് അര്‍ഥമില്ലെന്ന് തിയറ്റര്‍ അധികൃതര്‍ പറയുന്നു. 'വിജയ് വെറുമൊരു താരമല്ല, അദ്ദേഹം ഒരു അസാധാരണ മനുഷ്യനാണ്' എന്ന് വിശേഷിപ്പിച്ച തിയേറ്റർ മാനേജ്‌മെന്‍റ് "നിങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സിനിമ നിങ്ങളുടെ പ്രിയപ്പെട്ട തിയേറ്ററിൽ കാണാൻ കഴിയാത്തതിന്റെ നിരാശ എനിക്ക് ശരിക്കും മനസ്സിലാകും പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണ് . അധിക്ഷേപിക്കുന്നതിനും ആക്രമിക്കുന്നതിനും പകരം, ദയവായി തിയറ്ററിൽ പോയി സിനിമ ആസ്വദിച്ച് അത് പൂർണ്ണമായി ആഘോഷിക്കൂ" എന്നും കുറിച്ചു.
എന്നാൽ ഈ വാക്കുകളൊന്നും വിജയ് ആരാധകരെ സമാധാനിപ്പിച്ചില്ല. ആരാധകരുടെ രോഷം ഇരട്ടിയായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ തിയറ്ററുകളെ രക്ഷിച്ചത് വിജയ് ആണെന്നും എന്നിട്ടും ജനനായകൻ പ്രദര്‍ശിപ്പിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും ആരാധകര്‍ കുറിച്ചു. ഇനി മുതൽ തിയറ്ററിൽ പോകില്ലെന്നായിരുന്നു ഒരു ആരാധകന്‍റെ ശപഥം. നിങ്ങളുടെ തിയറ്ററിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പ്രദര്‍ശിപ്പിക്കൂവെന്നും വിജയിനോട് ബഹുമാനമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്‍റെ അവസാന ചിത്രം പ്രദര്‍ശിപ്പിക്കുമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ബാലയ്യ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകൻ എന്ന അഭ്യൂഹങ്ങളുമുണ്ട്.
സൂരരൈ പോട്ര് എന്ന സിനിമക്ക് ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയനെ കൂടാതെ രവി മോഹൻ, ശ്രീലീല എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രതിനായക വേഷത്തിലാണ് രവി മോഹനെത്തുന്നത്. മലയാളി താരം കുളപ്പുള്ളി ലീലയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.