ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാനുള്ള വസ്ത്രങ്ങളേ ആകെയുള്ളൂ, നാലര കോടിയുടെ കാറൊക്കെ എന്തിന്? ഞാൻ മിഡിൽ ക്ലാസാണ്- ജോണ്‍ എബ്രഹാം

താൻ കടന്നുവന്ന സാഹചര്യം നന്നായി അറിയാമെന്നും ഷൂസിനും ബാ​ഗിനും വേണ്ടി ഒരുപാട് പണം മുടക്കാൻ ഭയമാണെന്നുമാണ് ജോണ്‍ എബ്രഹാം പറയുന്നത്.

Update: 2024-08-11 12:24 GMT

ജീവിതത്തിൽ പണത്തിനല്ല പ്രാധാന്യം നൽകുന്നതെന്ന് നടൻ ജോണ്‍ എബ്രഹാം. ആഡംബര ജീവിതത്തോട് യാതൊരു താൽപ്പര്യവുമില്ലെന്നും ലളിത ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും നടൻ പറയുന്നു. രൺവീർ അല്ലാബാദിയയുടെ 'ദ രൺവീർ ഷോ' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം.  

'വിലയേറിയ കാറുകളോ അധികം ആഡംബര വസ്തുക്കളോ എന്റെ കൈവശമില്ല. ഞാൻ ഒരു മിഡിൽ ക്ലാസ് ആളാണ്. പണത്തിനല്ല, ഞാൻ ജീവിതത്തിനാണ് ആദ്യ പരിഗണന നൽകുന്നത്. ഞാൻ ഓടിക്കുന്നത് പിക്ക്- അപ്പ് ട്രക്കാണ്. എന്റെ ഡ്രൈവർ ഒരു പുതിയ കാർ വാങ്ങാൻ പറയാറുണ്ട്. എന്നാൽ അതിന്റെ ആവശ്യമെന്താണ്. പ്രൊഡക്ഷൻ വാഹനത്തിലാണ് ഷൂട്ടിങ്ങിന് പോകുന്നത്. വീട്ടിൽനിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. ഈ 4- 4.5 കോടി വിലമതിക്കുന്ന കാർ ഞാൻ എന്തു ചെയ്യും. ഇതിനോടൊന്നും യാതൊരു താൽപ്പര്യവുമില്ല. ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല'- ജോണ്‍ എബ്രഹാം പറയുന്നു.  

Advertising
Advertising

ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാൻ തനിക്ക് പേടിയാണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. 'ഞാൻ വന്ന സാഹചര്യം എനിക്ക് അറിയാം. അതിനാൽ എനിക്ക് ഭയമാണ് ഈ ഷൂസിനും ബാ​ഗിനും വേണ്ടി ഒരുപാട് പണം മുടക്കാൻ. എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം, ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറുള്ളത്'- ജോണ്‍ എബ്രഹാം പറഞ്ഞു. 

നിഖിൽ അദ്വാനി സംവിധാനംചെയ്യുന്ന വേദയാണ് ജോൺ എബ്രഹാം നായകനായി റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അഭിഷേക് ബാനർജിയാണ് വില്ലനായെത്തുന്നത്. ഷര്‍വരിയാണ് നായിക. ചിത്രത്തിൽ തമന്നയും മൗനി റോയിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ആഗസ്റ്റ് 15-നാണ് വേദ തിയറ്ററുകളിലെത്തുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News