'കേരള സ്റ്റോറി' സംഘപരിവാരിന്‍റെ വിഷം പുരട്ടിയ നുണ'; എ.എ റഹീം എം.പി

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തുമെന്ന് എ.എ റഹീം എം.പി

Update: 2023-04-29 12:13 GMT
Editor : ijas | By : Web Desk
Advertising

പുറത്തിറങ്ങാനിരിക്കുന്ന സുദിപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി സിനിമയ്ക്കെതിരെ സിപിഎം നേതാവ് എ.എ റഹീം എ.പി. സംഘപരിവാറിന്‍റെ വിഷം പുരട്ടിയ നുണയാണ് സിനിമയെന്നും കേരളത്തെ അപാമാനിക്കുകയാണ് ലക്ഷ്യമെന്നും എ.എ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആർ.എസ്.എസ് പദ്ധതി. വിവിധ മത വിഭാഗങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബി.ജെ.പി പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസ്തുതാ വിരുദ്ധമായ പെരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും, വർഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർ.എസ്.എസ് ശ്രമമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തുമെന്നും എ.എ റഹീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

എ.എ റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

അഭിമാനമാണ് നമ്മുടെ കേരളം.'കേരളാ സ്റ്റോറി'സംഘപരിവാറിന്‍റെ വിഷം പുരട്ടിയ നുണ. സാമൂഹിക മുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്‍റെ പുരോഗമന ചിന്തയിലൂടെയമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാൽ ആ കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നത് സംഘപരിവാറിന്‍റെ എക്കാലത്തെയും ലക്ഷ്യമാണ്. വളരെ ഗൂഢമായി ഈ

ഹേറ്റ് ക്യാമ്പയിൻ സംഘപരിവാർ തുടർന്നു വരുന്നു. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആർ.എസ്.എസ് പദ്ധതി. വിവിധ മത വിഭാഗങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബി.ജെ.പി പരീക്ഷണം.

കേരളത്തെ അപമാനിക്കാനും, വർഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത 'കേരള സ്റ്റോറി' എന്ന സിനിമ. ട്രെയിലറിൽ നിന്ന് തന്നെ

ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്. ഇന്ത്യയിലാകെ കേരളത്തിന്‍റെ പേര് പറഞ്ഞു വർഗീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാവുന്നതേയുളളു. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ കൂടി അന്വേഷിക്കേണ്ടതാണ്.

വസ്തുതാ വിരുദ്ധമായ പെരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും, വർഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർ.എസ്.എസ് ശ്രമം. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മൾ ജാഗരൂകരാകണം. കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News