ബോക്‌സോഫീസ് തകർത്ത് കെജിഎഫും ഭീഷ്‌മപർവ്വവും; കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ

കെജിഎഫ് ചാപ്റ്റർ 2 ആണ് 2022-ൽ കേരള ബോക്‌സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം

Update: 2022-12-18 09:39 GMT
Editor : banuisahak | By : Web Desk
Advertising

ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് തിരയുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്‍നീ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കെജിഎഫ് ചാപ്റ്റർ 2 ആണ് 2022-ൽ കേരള ബോക്‌സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 68.50 കോടിയാണ് ചിത്രം നേടിയത്. ഏപ്രിൽ 14നായിരുന്നു റിലീസ്. 

ആഗോള റിലീസിൽ ആയിരം കോടിയാണ് യാഷ് നായകനായ പ്രശാന്ത് നീൽ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 നേടിയത്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ ഈ നേട്ടം കൈവരിക്കുന്ന നാലാം ഇന്ത്യൻ ചിത്രമാണ്. ഇതിന് മുമ്പ് ആർ.ആർ.ആർ, ദംഗൽ, ബാഹുബലി ദി കൺക്ലൂഷൻ എന്നീ ചിത്രങ്ങളാണ് ആയിരം കോടി കടന്ന ചിത്രങ്ങൾ. ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് കെ.ജി.എഫ് ചാപ്റ്റർ 2 ആയിരം കോടി കടന്ന വിവരം പങ്കുവെച്ചത്.

യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫ് ചാപ്റ്റർ 2 ൽ അഭിനയിച്ചിട്ടുണ്ട്. കെ.ജി.ഫ് ചാപ്റ്റർ 2 കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെട്ട ചിത്രമായ കെ.ജി.എഫിന്റെ ആദ്യഭാഗം 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.

അതേസമയം, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയെന്ന നേട്ടം ഭീഷ്‌മപർവ്വം സ്വന്തമാക്കി. 47.10 കോടി രൂപയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. 2022 മാർച്ച് മൂന്നിനാണ് 'ഭീഷ്മപര്‍വ്വം' തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിന്‍റെ "ചാമ്പിക്കോ..." എന്ന ഡയലോ​ഗ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് 'ഭീഷ്മപർവ്വ'ത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. തിയറ്റര്‍ റിലീസിന് ശേഷം ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഒ.ടി.ടി റിലീസായും പുറത്തുവന്നിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News