'അന്ന് ഉദയ എന്ന പേരിനോട് വെറുപ്പ്, ഇന്ന്...'; അപ്പന്‍റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ്

അപ്പനൊപ്പമുള്ള പഴയ ഫോട്ടോയും കു‍‌ഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.

Update: 2022-01-03 09:59 GMT
Advertising

അപ്പൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അപ്പനൊപ്പമുള്ള പഴയ ഫോട്ടോയ്‌ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ്. അഭിനയത്തോടും സിനിമയോടുമുള്ള സ്നേഹവും അഭിനിവേശവും തന്നിലേക്ക് പകര്‍ന്നത് അപ്പനാണെന്നും ഉദയ എന്ന പേര് വെറുത്തിരുന്ന താന്‍ ഇന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ നിര്‍മിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

"ജന്മദിനാശംസകൾ അപ്പാ..ഈ വർഷം അപ്പന് ആശംസകൾ നേരുന്നതിൽ ചെറിയ പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാ​ഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന്...സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യനിലേക്ക്...സിനിമയിൽ ഒരു വർഷം പോലും നിലനിൽക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന്...സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്...ഉദയ എന്ന പേര് വെറുത്ത ഒരാൺകുട്ടിയിൽ നിന്ന്...അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമിക്കുന്ന പുരുഷനിലേക്ക്....

അപ്പാ....അഭിനയത്തോടും സിനിമയോടുമുള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകർന്നു തന്നു. ഞാൻ പഠിച്ചതും സമ്പാദിച്ചതുമെല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു!!! ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്..." എന്നിങ്ങനെയാണ് കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ് അവസാനിക്കുന്നത്. 

Full View

1947ൽ ഉദയ സ്ഥാപിച്ചെങ്കിലും 1949ലാണ് ബോബൻ കുഞ്ചാക്കോയുടെ പിതാവ് കുഞ്ചാക്കോ, 'വെള്ളിനക്ഷത്രം' എന്ന ആദ്യ സിനിമ നിര്‍മിക്കുന്നത്. അതു പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെങ്കിലും രണ്ടു വർഷത്തിനു ശേഷം ഉദയ നിർമിച്ച 'ജീവിത നൗക' അക്കാലത്തെ വമ്പന്‍ ഹിറ്റായി. 1976-ൽ കുഞ്ചാക്കോ അന്തരിച്ചതോടെയാണ് മകൻ ബോബൻ കുഞ്ചാക്കോ ഉദയയുടെ നേതൃസ്ഥാനത്തെത്തുന്നത്. 1986ൽ അനശ്വര ഗാനങ്ങൾ എന്ന സിനിമയാണു ഉദയ അവസാനം നിർമിച്ചത്. 66ാം സിനിമയായിരുന്നു അത്. 

2016ൽ ഉദയയുടെ 67ാം സിനിമയായ 'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ' നിര്‍മിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. സിദ്ധാര്‍ഥ് ശിവയായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. അഷ്‍റഫ് ഹംസ സംവിധാനം ചെയ്ത 'ഭീമന്‍റെ വഴി' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്റെ അറിയിപ്പ്, അജയ് വാസുദേവിന്റെ പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News