'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി സെറ്റ്'; പാഠപുസ്തകത്തിലെ പോസ്റ്റുമാനെ 'തിരിച്ചറിഞ്ഞ്' കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ 'പോസ്റ്റുമാന്‍' എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്

Update: 2022-01-31 07:55 GMT
Editor : ijas
Advertising

കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ നല്‍കിയ പോസ്റ്റുമാനെ 'തിരിച്ചറിഞ്ഞ്' 'യഥാര്‍ത്ഥ പോസ്റ്റുമാന്‍' കുഞ്ചാക്കോ ബോബന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ കര്‍ണാടക സ്കൂള്‍ പാഠപുസ്തകത്തിലെ താരത്തിന്‍റെ ഫോട്ടോയില്‍ പ്രതികരണം അറിയിച്ചത്. 'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി' എന്നു പറഞ്ഞ കുഞ്ചാക്കോ 'പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാര്‍ത്ഥന'യാണെന്നും കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ 'പോസ്റ്റുമാന്‍' എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ഷാജി അസീസ് ആണ് സംവിധാനം ചെയ്തത്.

കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റിന് താഴെ നിരവധി താരങ്ങള്‍ രസകരമായ കമന്‍റുകള്‍ ചേര്‍ത്തിട്ടുണ്ട്. "അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്", എന്നാണ് ആന്‍റണി വര്‍ഗീസ് കുറിച്ചത്. 'ബ്രോ സേഫ് ആയി അങ്ങനെ'; എന്നാണ് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയുടെ കമന്‍റ്. നടി കനി കുസൃതി പൊട്ടിച്ചിരിയാണ് പോസ്റ്റിന് താഴെ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ നിത്യഹരിത പ്രണയനായകനായ കുഞ്ചാക്കോ ബോബന് ഹിറ്റ് ചിത്രങ്ങളായ അനിയത്തിപ്രാവ്, നിറം, പ്രിയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിരവധി ആരാധികമാര്‍ പ്രണയ ലേഖനങ്ങള്‍ അയച്ചിരുന്നു. ഇതും നിരവധി പേര്‍ പോസ്റ്റിന് താഴെ കുഞ്ചോക്കോ ബോബനെ ഓര്‍മ്മിപ്പിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News