'മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിനായി ലക്ഷങ്ങള്‍ കൈക്കൂലി നൽകി'; വെളിപ്പെടുത്തലുമായി വിശാൽ

മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ മൂന്ന് ലക്ഷവും സെൻസർ സർട്ടിഫിക്കറ്റിനായി മുന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാൽ ആരോപിക്കുന്നത്

Update: 2023-09-29 15:27 GMT
Advertising

ചെന്നൈ: ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ആദിക് രവിചന്ദ്രന്റെ സംവിധാനത്തിലെത്തിയ വിശാൽ ചിത്രം മാർക്ക് ആന്‍റണി. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ വിശാൽ. മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ കൈക്കൂലി നൽകേണ്ടി വന്നു എന്നാണ് വിശാൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടിയും പണം നൽകേണ്ടി വന്നുവെന്ന് താരം ആരോപിച്ചു. എക്സിലൂടെയണ് വിശാൽ ഇക്കാര്യം അറിയിച്ചത്.

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിനെ സമിപിച്ചപ്പോഴായിരുന്നു ഇത്തരം ഒരനുഭവം ഉണ്ടായത്. ചിത്രം റിലീസ് ചെയ്യാൻ മൂന്ന് ലക്ഷവും സെൻസർ സർട്ടിഫിക്കറ്റിനായി മുന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് താരം പറയുന്നത്. പണം നൽകിയ അക്കൗണ്ടിന്‍റെ വിശദാംശങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്താണ് വിശാൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'സിനിമയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല, എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് ശരിയല്ല. അത് അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങളിൽ. എന്‍റെ ചിത്രം മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നു. സ്ക്രീനിങ്ങിനായി മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവുമാണ് നൽകിയത്. എന്‍റെ സിനിമാ ജീവിത്തിൽ ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ അവർക്ക് പണം നൽകുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ല. സത്യം പുറത്തുവരാനാണ് ഈ പണം നൽകിയത്. തെന്നിന്ത്യൻ സിനിമയിൽ ഇത്തരമൊരുു പ്രവണതയില്ല. ബോളിവുഡിലെ കാര്യം തനിക്കറിയില്ല. ഇക്കാര്യം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഞാനിത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, നിർമാതാക്കള്‍ക്ക് വേണ്ടിയാണ്. എപ്പോഴത്തെയും പോലെ സത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വിശാൽ പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News