ഇനിയും ശ്രീലങ്കയിലെത്തി സിനിമ ചെയ്യൂ; മമ്മൂട്ടിയോട് ലങ്കന്‍ ടൂറിസം മന്ത്രി

ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം

Update: 2022-08-19 06:05 GMT
Editor : Jaisy Thomas | By : Web Desk

കൊളംബോ: ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോയും നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. താരത്തിനൊപ്പമുള്ള ചിത്രം മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

''പ്രശസ്ത മലയാള നടൻ മമ്മൂക്കയുമായി കൂടിക്കാഴ്ച നടത്തി. സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ വന്നതിന് അദ്ദേഹത്തോട് വ്യക്തിപരമായി നന്ദി അറിയിക്കുകയും ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ ലങ്കയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു'' മന്ത്രി കുറിച്ചു. എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.

Advertising
Advertising

കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയായ സനത് ജയസൂര്യയും മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ''മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു.@മമ്മൂക്ക. സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു.'' എന്നായിരുന്നു ജയസൂര്യയുടെ ട്വീറ്റ്.

എം.ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാസീരീസിനു വേണ്ടിയാണ് കടുവഗണ്ണാവയും ഒരുക്കുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ. മമ്മൂട്ടിയാണ് പി.കെ. വേണുഗോപാൽ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുക. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് 'കടുഗണ്ണാവ'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. 'നിന്റെ ഓർമ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News