അൽഫോന്‍സേ, ഒന്ന് ഉഷാറായിക്കേ..; അൽഫോന്‍സ് പുത്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമന്‍റുമായി മേജർ രവി

ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിന് അല്‍ഫോന്‍സ് നേരത്തെ മറുപടി നല്‍കിയിരുന്നു

Update: 2022-09-17 07:21 GMT
Editor : Jaisy Thomas | By : Web Desk

പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യം ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതുകൊണ്ടായിരുന്നു റിലീസ് നീട്ടിയത്. ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ റിലീസ് വീണ്ടും നീണ്ടുപോവുകയായിരുന്നു. ക്ഷമ കെട്ട ആരാധകര്‍ എപ്പോഴും അല്‍ഫോന്‍സിന്‍റെ ഫേസ്ബുക്ക് പേജിലെത്തി ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകനും നടനുമായ മേജര്‍ രവിയും ഗോള്‍ഡ് എന്നാണെന്ന് ആരായുകയാണ്.

Advertising
Advertising

"അൽഫോന്‍സ്, ഡിയർ..കട്ട വെയ്റ്റിംഗ് ആണ്..ഒന്ന് ഉഷാറായിക്കേ!!! ലവ് യൂ..ആവശ്യത്തിന് സമയം എടുക്കുക..ദൈവം അനുഗ്രഹിക്കട്ടെ." അൽഫോന്‍സ് ഫേസ്ബുക്കിൽ പങ്കുവെച്ച ഗോൾഡിന്‍റെ പോസ്റ്ററിന് താഴെയായിരുന്നു മേജർ രവിയുടെ കമന്‍റ്. അതിനിടയില്‍ ചിത്രം ക്രിസ്മസിനെങ്കിലും എത്തുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.



ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിന് അല്‍ഫോന്‍സ് നേരത്തെ മറുപടി നല്‍കിയിരുന്നു. "കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്‍ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു." ആരാധകനുള്ള മറുപടിയായി അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍സും അഭിനയിക്കുന്നു. അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News