'സുരേഷിനോടുള്ള വൈരാഗ്യം കൊണ്ടൊന്നുമല്ല, കയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതാകും: നിനക്കൊന്നും വേറെ പണിയില്ലേ?'നിമിഷക്ക് പിന്തുണയുമായി മേജര്‍ രവി

നിമിഷയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല

Update: 2024-06-10 08:06 GMT
Editor : Jaisy Thomas | By : Web Desk

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്‍റെ പേരില്‍ നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയില്ലേ? എന്നു രവി ചോദിച്ചു. ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടിയാണെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലല്ല, കയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതായിരിക്കുമെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

നാലു വർഷങ്ങൾക്ക് മുമ്പ് തൃശൂർ ലോക്സഭാമണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. ‘തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ’ എന്നാണ് അന്ന് ഒരു പൊതുപരിപാടിയിൽ നിമിഷ സജയൻ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻഭൂരിപക്ഷത്തോടെ സുരേഷ് ​ഗോപി ജയിച്ചതോടെയാണ് നിമിഷയ്ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. 

Advertising
Advertising

മേജര്‍ രവിയുടെ വാക്കുകള്‍

നിമിഷയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള പ്രഷര്‍ എടുക്കാന്‍ പറ്റുമെന്നുള്ളത് ആദ്യം നമ്മള്‍ ആലോചിക്കണം. രാഷ്ട്രീയത്തില്‍ കളിച്ചു വളര്‍ന്നിട്ടുള്ള ആളായിരുന്നെങ്കില്‍ നല്ല തൊലിക്കട്ടിയോടെഎന്ത് തെറിവിളിയേയും നേരിടും. എന്നാല്‍ ഈ കുട്ടിക്ക് ഇതൊന്നും എടുക്കാനുള്ള മനോധൈര്യമുണ്ടോ എന്ന് എനിക്കറിയില്ല. കാരണം അവള്‍ രാഷ്ട്രീയക്കാരിയല്ല.

ഏതോ സ്‌റ്റേജില്‍ കയറി നിന്ന് ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ കാര്യം പറഞ്ഞെന്ന് പറഞ്ഞാണ് അവളെ ആക്രമിക്കുന്നത്. ഇവിടെ ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്. അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി. അതിന്റെ പേരില്‍ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. അത് വളരെ വേദനിപ്പിക്കുന്നതാണ്. സുരേഷ് ഗോപിയുടെ മകന്‍ പോലും വന്നിട്ട് പറഞ്ഞതാണ് അന്ന് പറഞ്ഞപ്പോള്‍ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. അവരെ ഇപ്പോള്‍ മാനസികമായി പീഡിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും ഗോകുല്‍ പറഞ്ഞു. നന്നായി വളര്‍ത്തിക്കൊണ്ടുവന്ന കുട്ടി എന്ന നിലയില്‍ വളരെ പക്വതയോടെയാണ് ഗോകുല്‍ അത് പറഞ്ഞത്.

ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയില്ലേ? വ്യക്തിപരമായ ദേഷ്യത്തിലൊന്നും പറഞ്ഞ കാര്യമല്ല. സ്റ്റേജില്‍ കയറി കയ്യടി കിട്ടുന്ന സമയത്ത് വായില്‍ നിന്ന് അറിയാതെ വന്നുപോയതാകും അത്. സുരേഷ് എന്റെ സുഹൃത്താണ്. ആ കുട്ടി എല്ലാതെ എത്ര പേര്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണത്. അത് വിട്ടേക്കുക. സുരേഷ് സാറിന് അത് ഇഷ്ടപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. സുരേഷ് വളരെ അധികം സാത്വികത്വം പാലിക്കുന്ന ആളാണ്. അത് കേട്ടാല്‍ സുരേഷിന് ഇഷ്ടപ്പെടണമെന്നില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News