'എല്ലാ ഞായറാഴ്ചയും സൂര്യവംശം, എന്റെ മാനസിക നില തെറ്റിയാൽ ആര് ഉത്തരവാദിയാകും'; ടിവിയിൽ ഒരേ സിനിമ സ്ഥിരം കാണിക്കുന്നതിനെതിരെ ആരാധകൻ

അയച്ചയാളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്താത്ത കത്തിൽ 'സൂര്യവംശം-പീഡിത്' (സൂര്യവംശത്താൽ പീഡിതൻ) എന്നാണ് പരിചയപ്പെടുത്തുന്നത്

Update: 2023-01-20 12:21 GMT
Advertising

മുംബൈ: ഇഷ്ട താരങ്ങളുടെ പഴയ സിനിമകൾ വീണ്ടും കാണുന്നത് ആരാധകർക്ക് ഇഷ്ടമാണ്. എന്നാൽ ഓരേ സിനിമകൾ എല്ലാ ആഴ്ചയും കാണേണ്ടി വന്നാലോ? മലയാള ചാനലുകളിൽ വല്യേട്ടൻ, സിഐഡി മൂസ പോലുള്ള സിനിമകൾ സ്ഥിരം കാണിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിരന്തരം വിമർശനമുണ്ടാകാറുണ്ട്. ഇത്തരമൊരു വിമർശനമാണ് അമിതാഭ് ബച്ചന്റെ 'സൂര്യവംശ'ത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. 1999ൽ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുന്ന സ്വകാര്യ ചാനലിനെതിരെ ബുധനാഴ്ച ഒരു പ്രേക്ഷകൻ കത്തെഴുതുകയായിരുന്നു. അമിതാഭ് ബച്ചന്റെ കടുത്ത ആരാധകർക്ക് രസിക്കാനിടയില്ലാത്ത കത്ത് ഹിന്ദിയിലാണ് എഴുതിയിട്ടുള്ളത്.

'നിങ്ങളുടെ ചാനൽ കാരണം, എനിക്കും എന്റെ കുടുംബത്തിനും ഇപ്പോൾ ഹീരാ താക്കൂറിനെയും (സിനിമയിൽ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രം) അദ്ദേഹത്തിന്റെ കുടുംബത്തെയും (രാധ, ഗൗരി) ഞങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ അറിയാം. ഞങ്ങൾക്ക് എല്ലാ ഡയലോഗുകളും മനഃപാഠമാണ്. നിങ്ങൾ (ചാനൽ) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ചിത്രം സ്ഥിരമായി കാണിക്കുന്നത് എന്റെ മാനസിക നിലയെയും വിവേകത്തെയും ബാധിച്ചാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും? മുൻഗണനാക്രമത്തിൽ എന്റെ പരാതി പരിഹരിക്കാൻ ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു' പരാതിക്കാരൻ എഴുതി.

അയച്ചയാളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്താത്ത കത്തിൽ 'സൂര്യവംശം-പീഡിത്' (സൂര്യവംശത്താൽ പീഡിതൻ) എന്നാണ് പരിചയപ്പെടുത്തുന്നത്. ഏതായാലും കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാർത്താ ഏജൻസികളടക്കം കത്ത് പങ്കുവെച്ചിട്ടുണ്ട്. എ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം ചാനലിന്റെ മുംബൈ ഓഫീസിലാണ് കത്ത് ലഭിച്ചത്. 2005ലെ വിവരാവകാശ നിയമപ്രകാരം കാര്യങ്ങളറിയാനുള്ള തന്റെ അവകാശം ചൂണ്ടിക്കാട്ടിയയാൾ ടിവി ചാനലിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

അമിതാഭ് ബച്ചന് പുറമേ സൗന്ദര്യ, രചനാ ബാനർജി, ആനന്ദ വർധൻ, മുകേഷ് റിഷി, അനുപം ഖേർ തുടങ്ങിയവരാണ് 'സൂര്യവംശത്തി'ൽ അഭിനയിച്ചിട്ടുള്ളത്.

Man against regular showing of Suryavamsam movie on TV, Amitabh Bachchan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News