മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്; ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പം 'മിസ്റ്റര്‍ എക്‌സ്' വരുന്നു

അസുരന്‍, തുനിവ് എന്നീ സിനിമകള്‍ക്ക് ശേഷം മഞ്ജു എത്തുന്ന തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്‌സ്.

Update: 2023-06-21 13:52 GMT
Editor : anjala | By : Web Desk

'മിസ്റ്റര്‍ എക്‌സ്' ചിത്രത്തിന്റെ പോസ്റ്റർ 

കൊച്ചി: മഞ്ജു വാര്യര്‍ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ എക്സ് എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുക. വിഷ്ണു വിശാല്‍ നായകനായ എഫ്.ഐ.ആര്‍ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് മനു ആനന്ദ്. അസുരന്‍, തുനിവ് എന്നീ സിനിമകള്‍ക്ക് ശേഷം മഞ്ജു എത്തുന്ന തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്‌സ്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്. മലയാളി താരം അനഘയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് നിര്‍മാണം.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിന്‍സ് പിക്‌ചേഴ്‌സ് തന്നെയാണ് മഞ്ജു ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് മഞ്ജുവും. ചിത്രത്തിന്റെ പോസ്റ്റ് മഞ്ജു തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. തമിഴിനുപുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Advertising
Advertising

ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ജി എം സുന്ദര്‍, സമുദ്രകനി, ജോണ്‍ കോക്കന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News