'ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാം കറുത്തച്ചനും സാധിക്കുമോ?'; മായൻ ചാപ്റ്റർ 1ൻ്റെ ടീസർ പുറത്ത്; റിലീസ് ഡിസംബർ 3ന്
കേരളത്തിലെ പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട്' എന്ന ദുരൂഹ ആചാരമാണ് സിനിമയുടെ പ്രധാന പ്രമേയം
ജയസൂര്യയെ നായകനാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രമായ 'മായൻ ചാപ്റ്റർ ഒന്നിന്റെ' ടീസർ പുറത്തിറങ്ങി. കേരളത്തിലെ പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട്' എന്ന ദുരൂഹ ആചാരമാണ് സിനിമയുടെ പ്രധാന പ്രമേയം. 'ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാം കറുത്തച്ചനും സാധിക്കുമോ?' എന്ന ആകാംക്ഷയും ഭയവും നിറയ്ക്കുന്ന ചോദ്യത്തോടെയാണ് ടീസർ എത്തിയത്. 'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ജേസൺ വർഗീസായിട്ടാണ് ജയസൂര്യ വേഷമിടുന്നത്.
'കളങ്കാവൽ' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ വിജയചിത്രങ്ങൾ നിർമിച്ച രാജീവ് ഗോവിന്ദൻ, മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം ഒരുക്കുന്നത്. റാഫിയും ജിതിൻ കെ.ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൈല ഉഷയാണ് നായിക. ഇവർക്ക് പുറമേ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ്, ആർഷ ചന്ദിനി ബൈജു, നിരഞ്ജന അനൂപ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മുജീബ് മജീദ് ആണ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖരായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് ഒരു മലയാള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫൈസൽ അലി ക്യാമറയും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.