'ഹിന്ദുക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു': ആമിർ ഖാൻ പരസ്യത്തിനെതിരെ ബി.ജെ.പി എംപി

'ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍' എന്ന സംഘം എപ്പോഴും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും എംപി അയച്ച കത്തില്‍ പറയുന്നു.

Update: 2021-10-21 15:23 GMT
Editor : rishad | By : Web Desk
Advertising

ആമിര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യത്തിനെതിരെ ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെ രംഗത്ത്. പരസ്യം ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നാണ് ഹെഗ്‌ഡെ ആരോപിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കമ്പനി സിഇഒ ആനന്ദ് വര്‍ധന് കത്തെഴുതി. പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശം നല്‍കുന്നുണ്ട്. ഇതാണ് ഹെഗ്ഡയെ ചൊടിപ്പിച്ചത്. റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്ന് പറയാന്‍ ധൈര്യപ്പെടുമോയെന്ന് ഹെഗ്ഡെ കത്തിലൂടെ ചോദിക്കുന്നു.

ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന പരസ്യം ശ്രദ്ധിക്കണമെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി കത്തില്‍ വ്യക്തമാക്കി.

'തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് അമീർ ഖാൻ ആളുകളെ ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ പുതിയ പരസ്യം വളരെ നല്ല സന്ദേശമാണ് നൽകുന്നത്. പൊതു പ്രശ്നങ്ങളോടുള്ള നിങ്ങളുടെ ആശങ്ക കയ്യടി അര്‍ഹിക്കുന്നു. ഇതുപോലെ റോഡുകളിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം കൂടി പരിഹരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതായത്, വെള്ളിയാഴ്ചകളിൽ നമസ്കാരത്തിന്റെ പേരിലും മുസ്ലീങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകൾ തടയുന്നതാണത്'-കത്തില്‍ ഹെഗ്ഡെ പറയുന്നു.

'ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍' എന്ന സംഘം എപ്പോഴും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും എംപി അയച്ച കത്തില്‍ പറയുന്നു. കര്‍ണാടകയിലെ ഉത്തരക്കന്നഡ എംപിയാണ് അനന്തകുമാര്‍ ഹെഗ്‌ഡെ. നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള എംപിയാണ് ഹെഗ്‌ഡെ

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News